
മലപ്പുറം, പാലക്കാട്, ഇടുക്കി സ്വദേശികളും സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസ്സിയുമുള്പ്പെടെ സംസ്ഥാനത്ത് നാല് കോവിഡ് മരണങ്ങള് കൂടി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ച മലപ്പുറം പെരുവള്ളൂര്‍ സ്വദേശി കോയാമു (82)വിന്റെതാണ് ഇന്നത്തെ മരണം. കൊണ്ടോട്ടി മേഖലയില്‍ കോവിഡ് ബാധ വ്യാപിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രദേശത്ത് ഇത് മൂന്നാമത്തെ മരണം സ്ഥിരീകരിക്കുന്നത്.
ശനിയാഴ്ച രാവിലെ 10.30 ഓടെയായിരുന്നു കോയാമുവിന്റെ മരണം സ്ഥിരികരിച്ചത്. ശ്വാസംമുട്ടലിനെ തുടര്‍ന്ന് കഴിഞ്ഞ 29-നാണ് കോയാമുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ ആരോഗ്യനില ഗുരുതരമായതോടെ പ്ലാസ്മ തെറാപ്പിക്കും കോയാമുവിനെ വിധേയനാക്കിയിരുന്നു. പിന്നാലെയാണ് ഇന്ന് മരണം സ്ഥിരീകരിക്കുന്നത്. അല്‍ഷിമേഴ്സ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കും ചികില്‍സ തേടിയിരുന്ന വ്യക്തിയായിരുന്നു കോയാമു. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും ഉള്‍പ്പടെ കുടുംബത്തിലെ പത്ത് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തൊടുപുഴയിലെ സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐയായ അജിതന് (55) വെള്ളിയാഴ്ച മരിച്ചിരുന്നു. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു പോലീസ് ഉദ്യോഗസ്ഥന് കോവിഡ് ബാധിച്ച് മരിച്ചത്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഹൃദയസംബന്ധമായ അസുഖമുള്ള അജിതന്റെ ആരോഗ്യ സ്ഥിതി ഗുരുതരമാവുകയായിരുന്നു. ഇതോടെ ബുധനാഴ്ച രാത്രി ഇടുക്കിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇന്നലെ മരണം സംഭവിക്കുന്നത്. ഇടുക്കി വെള്ളിയാമറ്റം പൂച്ചപ്ര സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ മകനും ഭാര്യയ്ക്കും നേരത്തെ കോവിഡ് രോഗം സ്ഥിരീകരിക്കുകയും രോഗ മുക്തരാവുകയും ചെയ്തിരുന്നു. ചെറുതോണിയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിപ്പുകാരിയായ ഭാര്യയില്‍ നിന്നാണ് അജിതന് രോഗബാധയേറ്റതെന്നാണ് നിഗമനം.
ഇതിന് പുറമെയാണ് വെള്ളിയാഴ്ച മരിച്ച രണ്ടു പേര്‍ക്ക്കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. പട്ടാമ്ബി ഓങ്ങല്ലൂര്‍ സ്വദേശി കോരന് (80) സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസ്സി (80) എന്നിവരാണ് മരിച്ചത്.
സോഷ്യലിസ്റ്റ് നേതാവും തൊഴിലാളി യൂണിയന് ഭാരവാഹിയും ജനതാദള്‍ എസ് സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന ഇടപ്പള്ളി പൈപ്പ്ലൈന് റോഡ് തോപ്പില്‍ ആലുങ്കല്‍ ദേവസി (80) ഇന്നലെ ഉച്ചയോടൊണ് മരിച്ചത്. പനിയെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗ ബാധ സ്ഥരീകരിച്ചത്. ദേവസിയുടെ മകനും രോഗബാധിതനാണ്.
സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതുമുതല്‍ പ്രവര്‍ത്തകനായിരുന്നു. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ജനതാപാര്‍ട്ടി രൂപം കൊണ്ടപ്പോള്‍ സംസ്ഥാന വൈസ് പ്രസിഡന്റായി. പിന്നീട് ജനതാദള്‍ എസ് സംസ്ഥാന വൈസ് പ്രസിഡന്റായി. അടിയന്തരാവസ്ഥക്കാലത്ത് രണ്ടുമാസം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. 1977ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിറവത്തും 1991ല്‍ പെരുമ്ബാവൂരിലും ദേവസ്സി മത്സരിച്ചിരുന്നു.