Thu. Nov 26th, 2020




ബുധനാഴ്ച വൈകീട്ട് വീടിന്റെ പിൻഭാഗത്തെ കൂറ്റൻ മതിലിടിഞ്ഞ് വീണ് മരിച്ച മഠത്തിൽ ഹംസയെ കണ്ടെത്താൻ സഹായിച്ചത് ക്ലോസ്ഡ് സർക്യൂട്ട് ക്യാമറയിൽ പതിഞ്ഞ ദൃശ്യം

സാമാന്യം വലുപ്പമുള്ള വീടിന്റെ എല്ലാഭാഗത്തും ക്യാമറ സ്ഥാപിച്ചിരുന്നു. ഇരുപത് മീറ്ററോളം നീളവും എട്ടുമീറ്റർ ഉയരവുമുള്ള മതിലിടിഞ്ഞ സ്ഥലം ഏതാണ്ട് മലയിടിഞ്ഞതുപോലെയായിരുന്നു.

അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയ്ക്ക് എവിടെ തുടങ്ങണമെന്ന് ധാരണ കിട്ടിയില്ല. അപ്പോഴാണ് വീട്ടിന് പിന്നിലെ ക്യാമറയുടെ കാര്യം ആരോ ഓർമിപ്പിച്ചത്. അത് പരിശോധിച്ചപ്പോൾ ഹംസ നിന്നിരുന്ന സ്ഥലം ഏതാണ്ട് അടുക്കളയോട് ചേർന്നുള്ള ഭാഗത്തായിരുന്നുവെന്ന് വ്യക്തമായി. ചെറിയ കൈക്കോട്ടുകൊണ്ട് കുനിഞ്ഞുനിന്ന് വെള്ളം വകഞ്ഞുവിടുന്ന ഹംസയെ ആണ് അതിൽ കാണുന്നത്. അടുത്ത നിമിഷം പിന്നിലെ കൂറ്റൻ മതിൽ ഇടിഞ്ഞുവരുന്നു. ഹംസ നിന്നിരുന്ന സ്ഥലത്തിനുപിന്നിൽ ചെറിയ ഷെഡ് പോലെ എന്തോ ഉണ്ട്.

അതു തകർത്താണ് മതിൽ പൊളിഞ്ഞ് വീഴുന്നത്. മുന്നിൽ വീടിന്റെ ഭിത്തി. ഇരുവശങ്ങളിലും പിന്നിലുമായി മതിൽ താങ്ങിനിർത്തിയിരുന്ന കോൺക്രീറ്റ് തൂണുകളും ചെങ്കല്ലുകളും തകർന്നുവരുന്നു. രക്ഷാമാർഗത്തെക്കുറിച്ച് ആലോചിക്കുംമുൻപേ ഹംസ അടിയിൽപ്പെട്ടിട്ടുണ്ടാകണമെന്ന് രക്ഷാപ്രവർത്തനം നടത്തിയ അഗ്നിരക്ഷാസേന കരുതുന്നു. ഒന്നരമണിക്കൂർ അധ്വാനത്തിനുശേഷം പുറത്തെടുക്കുമ്പോൾ മൃതദേഹം കുനിഞ്ഞ് കൂടിയ നിലയിലായിരുന്നു. ജോലി ചെയ്തുകൊണ്ടിരുന്ന അതേ രൂപത്തിൽ. ലുങ്കിയും ഷർട്ടുമായിരുന്നുവേഷം. അടുക്കളവാതിലിലൂടെയാണ് ഹംസയെ പുറത്തേക്ക് കൊണ്ടുപോയത്. ഓടിക്കൂടിയ നാട്ടുകാരും പോലീസും കൈമെയ് മറന്ന് പ്രവർത്തിച്ചാണ് മൃതദേഹം പുറത്തെടുക്കാനായത്.

രണ്ട് തട്ടായിട്ടാണ് മതിലുണ്ടായിരുന്നത്. താഴത്തെ തട്ടാണ് ഇടിഞ്ഞത്. മേൽഭാഗം ഇടിയാറായി നിൽക്കുന്നു. ഇതിന് സമീപത്ത് വേറെയും വീടകളുണ്ട്. തൊട്ടടുത്തുള്ള ഒന്നിന്റെ മതിൽ ഭാഗികമായി ഇടിഞ്ഞിട്ടുണ്ട്.



By onemaly