Thu. Nov 26th, 2020




മലപ്പുറം : പരാജയത്തിന്റെ വക്കില്‍നിന്നു പ്രതീക്ഷയുടെ പൊന്നക്ഷരങ്ങള്‍കൊണ്ടു പ്രചോദനമായ കുഞ്ഞുതാരം ഫായിസിനെ തേടി അഭിനന്ദനപ്രവാഹം. പൂവ്‌ നിര്‍മിക്കുമ്ബോഴുണ്ടായ അബദ്ധവും വീണത്‌ വിദ്യയാക്കിയെന്ന പോലെ ആ കുഞ്ഞുമനസ്‌ അമ്മാന്തിക്കാതെ പറഞ്ഞ വാക്കുകളും സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തതിനു പിന്നാലെയാണിത്‌.
“ചെലോല്‍ത്‌ റെഡിയാകും, ചെലോല്‍ത്‌ റെഡിയാകൂല, ന്റത്‌ റെഡിയായില്ല, അയിന്‌ ഇന്‍ക്‌ കൊഴപ്പല്യ” എന്ന ഫായിസിന്റെ അര്‍ഥഗര്‍ഭമായ വാക്കുകള്‍ പരസ്യവാചകമാക്കിയ മില്‍മാ പാല്‍ കമ്ബനിക്കാര്‍ പാരിതോഷികങ്ങളുമായി ഫായിസിന്റെ വീട്ടിലെത്തി.
മില്‍മ ഫായിസിന്‌ പേറ്റന്റ്‌ കൊടുക്കണമെന്നു പറഞ്ഞ്‌ സാമൂഹിക മാധ്യമങ്ങളില്‍ ക്യാമ്ബയിനുകള്‍ വരെ വന്നിരുന്നു. തുടര്‍ന്ന്‌ ഫായിസിനു 10,000 രൂപയും ആന്‍ഡ്രോയിഡ്‌ ടെലിവിഷനും മില്‍മ ഉത്‌പന്നങ്ങളുമാണ്‌ സമ്മാനിച്ചത്‌. പരിശ്രമങ്ങളില്‍ പരാജിതനായാല്‍ പത്തിമടക്കി പിന്മാറലല്ല, വീണ്ടും വീണ്ടും ശ്രമിക്കുന്നതിലൂടെ മാത്രമേ വിജയത്തിന്റെ പറുദീസ കീഴടക്കാനാകൂ എന്ന മഹത്തായ സന്ദേശമാണ്‌ വശ്യശൈലിയിലൂടെ ആ നാലാം ക്ലാസുകാരന്‍ അവതരിപ്പിച്ചത്‌. ഫായിസിന്റെ ആ വാക്കുകള്‍ മില്‍മയ്‌ക്കു പുറമേ മലപ്പുറം ജില്ലാ ഭരണകൂടവും ട്രോള്‍ നിര്‍മാതാക്കളും ഏറ്റെടുത്തു.
മകന്റെ വീഡിയോയില്‍ സന്തോഷമുണ്ടെന്നും മനസ്‌ നിറഞ്ഞു നല്‍കുന്നതെന്തും സ്വീകരിക്കുമെന്നും പേറ്റന്റിനു പിന്നാലെ പോകാനില്ലെന്നും പിതാവ്‌ മുനീര്‍ സഖാഫി പ്രതികരിച്ചു. കൊണ്ടോട്ടി പോലീസും വീട്ടിലെത്തി ഫായിസിനെ അഭിനന്ദിച്ചു. ആത്മഹത്യകള്‍ പെരുകുന്ന കാലത്ത്‌ ഫായിസിന്റെ വാക്കുകള്‍ക്ക്‌ ഏറെ പ്രസക്‌തിയുണ്ടെന്നു പോലീസ്‌ പറഞ്ഞു. നിരവധി മത, രാഷ്‌ട്രീയ, സാമൂഹ്യ, സ്‌ഥാപന മേധാവികളും വീട്ടിലെത്തി ഫായിസിനു സമ്മാനങ്ങള്‍ നല്‍കി.
സമ്മാനത്തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും നല്‍കുമെന്ന്‌ ഫായിസ്‌ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. നിലവില്‍ നല്ലൊരു തുക പാവപ്പെട്ട പെണ്‍കുട്ടിയുടെ വിവാഹത്തിനായി സംഭാവന ചെയ്‌തെന്നു ഫായിസിന്റെ ഉപ്പയുടെ സഹോദരന്‍ സൈതലവി മംഗളത്തോടു പറഞ്ഞു. പഠനത്തിലും പാഠ്യേതര രംഗത്തും മികവു കാണിക്കുന്ന ഫായിസ്‌ കിഴിശേരി കുഴിമണ്ണ ഇസ്സത്ത്‌ സ്‌കൂള്‍ നാലാം ക്ലാസ്‌ വിദ്യാര്‍ഥിയാണ്‌. കുഴിഞ്ഞൊളം കുന്നത്തീരി അക്കരമ്മല്‍ അബ്‌ദുല്‍ മുനീര്‍ സഖാഫിയുടെയും മൈമൂനയുടെയും മകനാണ്‌. പ്ലസ്‌ ടു, എട്ടാം ക്ലാസ്‌ വിദ്യാര്‍ഥികളായ ഫാലിഹയും നാഫിയയുമാണ്‌ സഹോദരങ്ങള്‍.

അഫ്‌സല്‍ റഹ്‌മാന്‍



By onemaly