
മാരാരിക്കുളം (ആലപ്പുഴ): കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ പള്ളി സെമിത്തേരിയില്‍ ദഹിപ്പിച്ച് ആലപ്പുഴ രൂപത പുതിയ ചരിത്രമെഴുതി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു സംസ്കാരച്ചടങ്ങുകള്‍ നടത്തുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന സാഹചര്യത്തിലാണ് മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ രൂപതാ നേതൃത്വം അനുമതി നല്‍കിയത്.
കോവിഡ് ബാധിച്ചു മരിച്ച മാരാരിക്കുളം സെന്റ് അഗസ്റ്റിന്‍സ് പള്ളി ഇടവകാംഗം മാരാരിക്കുളം വടക്ക് പഞ്ചായത്ത് 14-ാം വാര്‍ഡില്‍ കാനാശേരില്‍ ത്രേസ്യാമ്മ(അച്ചാമ്മ-62), കാട്ടൂര്‍ സെന്റ് മൈക്കിള്‍സ് ഫെറോന ഇടവകാംഗം കാട്ടൂര്‍ തെക്കേതൈക്കല്‍ തോമസിന്റെ ഭാര്യ മറിയാമ്മയുടെ(65) എന്നിവരുടെ മൃതദേഹങ്ങള്‍ അവരവരുടെ സെമിത്തേരിയില്‍ ചിതകൂട്ടി ദഹിപ്പിച്ച ശേഷം ചിതാഭസ്മം മണ്‍കുടത്തിലാക്കി അടക്കം ചെയ്തു. രൂപതയിലെ ആദ്യ ദഹിപ്പിക്കല്‍ വൈദികരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ മാരാരിക്കുളം സെന്റ് അഗസ്റ്റിന്‍സ് പള്ളി സെമിത്തേരിയിലാണു നടന്നത്. ആലപ്പുഴ രൂപത പ്രത്യേകം രൂപപ്പെടുത്തിയ സംസ്കാര ശുശ്രൂഷ പ്രാര്ഥനയ്ക്ക്കാട്ടൂര് സെന്റ് അഗസ്റ്റിന്‍സ് പള്ളി വികാരി ഫാ. ബര്‍ണാര്‍ഡ് പണിക്കവീട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ക്രൈസ്തവ ആചാരപ്രകാരം മൃതദേഹം ദഹിപ്പിക്കാറില്ല. എന്നാല്‍ കോവിഡ് പ്ര?ട്ടോകോള്‍ പ്രകാരം ഇത് ആവശ്യമായി വന്നതിനാലാണ് ആലപ്പുഴ രൂപതാ നേതൃത്വം അടിയന്തിര യോഗം ചേര്‍ന്നു തീരുമാനമെടുത്തത്.
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ഇന്നലെയാണു ത്രേസ്യാമ്മയുടെ മൃതദേഹം പഞ്ചായത്ത് അംഗം ഇ.വി രാജുവിന് വിട്ടുകൊടുത്തത്. ഇവരുടെ ബന്ധുക്കളെല്ലാം ക്വാറന്റീനിലായതിനാല്‍ ആര്‍ക്കും സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ആംബുലന്‍സില്‍ പള്ളിയിലെത്തിച്ച മൃതദേഹം സെമിത്തേരിക്കു സമീപത്തെ കുരിശടിക്കു മുന്നില്‍ തയാറാക്കിയ ചിതയില്‍ വച്ചു. കെ.എല്‍.സി.എ ആലപ്പുഴ രൂപത ജനറല്‍ സെക്രട്ടറി ഇ.വി രാജുവാണ് ചിതയ്ക്ക് തീ കൊളുത്തിയത്. സെമിത്തേരിയിലെ ചിതയ്ക്ക് സമീപം നിന്ന് പള്ളി വികാരി ഫാ.ബര്‍ണാര്‍ഡ് പണിക്കവീട്ടില്‍, അസിസ്റ്റന്റ് വികാരി യേശുദാസ് അറയ്ക്കല്‍, ആലപ്പുഴ രൂപത ടാസ്ക് ഫോഴ്സ് അംഗങ്ങളായ വൈദികര്‍ ഫാ. ക്രിസ്റ്റഫര്‍ എം.അര്‍ഥശേരില്‍, ഫാ. സാംസണ് ആഞ്ഞിലിപറമ്ബില്, ഫാ. ഫ്രാന്‍സീസ് കൊടിയനാട്, ഫാ. ജൂഡോ മൂപ്പശേരില്‍ എന്നിവര്‍ സംസ്കാര ശുശ്രൂഷ പ്രാര്‍ഥന ചൊല്ലി.
പഞ്ചായത്ത് പ്രസിഡന്റ് ഡി. പ്രിയേഷ്കുമാര്‍, പഞ്ചായത്ത് അംഗം, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ ജോസ് എബ്രഹാം, ആര്.എന്‍. പ്രശാന്ത്, എം. വിധീഷ് എന്നിവരും പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. എരിഞ്ഞടങ്ങിയ ചിതയില്‍നിന്ന് ഭസ്മവും അവശിഷ്ടങ്ങളും മണ്‍കുടത്തിലാക്കി സെമിത്തേരിയില്‍ കല്ലറയില്‍ സ്ഥാപിച്ചു. കഴിഞ്ഞയാഴ്ച മരിച്ച കാട്ടൂര്‍ സ്വദേശിനി മറിയാമ്മയുടെ സംസ്കാരം ഇതിന് ശേഷം കാട്ടൂര്‍ സെന്റ് മൈക്കിള്‍സ് പള്ളിയില്‍ സമാനമായ ചടങ്ങുകളോടെ നടന്നു.