
ആറാട്ടുപുഴ: ആലപ്പുഴ ആറാട്ടുപുഴയില്‍ വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ സംഘര്‍ഷത്തില്‍ പങ്കുകാരായിരുന്നു. കൂട്ടത്തല്ലിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. തൃക്കുന്നപ്പുഴ പൊലീസാണ് കൂട്ടത്തല്ലില്‍ പങ്കാളികളായവര്‍ക്കെതിരെ കേസെടുത്തത്.
സംഘര്‍ഷത്തില്‍ സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റു. കോവിഡ് രോഗിയെ ക്വാറന്റെെനിലാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു പ്രദേശത്ത് നടന്ന കൂട്ടത്തല്ല് എന്ന രീതിയിലായിരുന്നു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍, വാസ്തവം ഇതല്ല. കോവിഡുമായി ഈ കൂട്ടത്തല്ലിനു യാതൊരു ബന്ധവുമില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. നേരത്തെയുള്ള വഴിത്തര്‍ക്കത്തിന്റെ തുടര്‍ച്ചയാണിതെന്ന് ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.അജിതയും തൃക്കുന്നപ്പുഴ പൊലീസും പറയുന്നു. മുന്‍പും തര്‍ക്കമുണ്ടായിട്ടുണ്ടെന്നും ഒത്തുതീര്‍പ്പാക്കിയിരുന്നെന്നും പൊലീസ് പറയുന്നു.
ആറാട്ടുപുഴ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പ്രദേശത്താണ് ഈ സംഭവം നടക്കുന്നത്. വഴിക്ക് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ചില അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. ജൂലെെ 26 ഞായറാഴ്ച വഴിത്തര്‍ക്കം രൂക്ഷമായി. ഇതോടെ വീടുകളില്‍ നിന്നു ആളുകള്‍ പുറത്തിറങ്ങി സംഘം ചേര്‍ന്നു. സ്ത്രീകളടക്കം അമ്ബതിലേറെ പേര് ഈ കൂട്ടത്തല്ലില്‍ ഉണ്ടായിരുന്നു. പരസ്പരം അസഭ്യം പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. തടിക്കഷ്ണം ഉപയോഗിച്ചും സ്ത്രീകള്‍ ആക്രമിച്ചു. സ്ത്രീകളടക്കം എട്ട് പേര് ആശുപത്രിയിലാണ്. ആരുടെയും പരുക്ക് ഗുരുതരമല്ല.