Fri. Dec 4th, 2020




തിരുവനന്തപുരം: സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുമായി റേഷന്‍ വ്യാപാരികള്‍ രംഗത്ത്. വിഷുവിന് നല്‍കിയ കിറ്റിന്റെ കമ്മീഷന്‍ സര്‍ക്കാര്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. ഇ- പോസ് മെഷീനുകളുടെ സെര്‍വര്‍ തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ വീണ്ടും സമരത്തിലേക്ക് നീങ്ങുമെന്നും വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 88 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് നല്‍കുമെന്ന് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പയര്‍ വര്‍ഗ്ഗങ്ങള്‍, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങി 11 ഇനങ്ങളുള്ള ഈ കിറ്റ് വിതരണം ബഹിഷ്‌കരിക്കുമെന്നാണ് റേഷന്‍ വ്യാപാരികളുടെ ഭീഷണി. കഴിഞ്ഞ വിഷുവിന് കിറ്റ് അനുവദിച്ചപ്പോള്‍ കാര്‍ഡ് ഒന്നിന് 20 രൂപ വീതം കമ്മീഷന്‍ നല്‍കണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം. 5 രൂപ വീതം നല്‍കാമെന്ന് സര്‍ക്കാര്‍ തത്വത്തില്‍ സമ്മതിച്ചു. എന്നാല്‍ വിഷു കഴിഞ്ഞ് ഓണമെത്താറായിട്ടും പണം കിട്ടിയില്ല.  അതേസമയം, സെര്‍വര്‍ തകരാര്‍ മൂലം ഇ- പോസ് മെഷീനുകള്‍ അടിക്കടി തകരാറിലാകുന്നത് വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇത് കാരണം റേഷന്‍ കടയില്‍ വ്യാപാരികളും ഉപഭോക്താക്കളും തമ്മില്‍ തര്‍ക്കവും പതിവാണ്. മാത്രമല്ല തകരാര്‍ കാരണം ഓരോ മാസവും റേഷന്‍ വാങ്ങാനായി മൂന്ന് തവണയെങ്കിലും ആളുകള്‍ കടകളിലെത്തുന്നുണ്ട്. 14,000 റേഷന്‍ കടകളിലായി രണ്ട് കോടിയലധികം പേരാണ് ഓരോ മാസവും വരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് ഇതിനൊരു പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങാനാണ് വ്യാപാരികളുടെ തീരുമാനം….




By onemaly