Tue. Nov 24th, 2020




ആയുര്‍വേദത്തെ തെളിവധിഷ്ഠിതവും ശാസ്ത്രീയവുമായി വ്യാപിപ്പിക്കുന്നതിനും മരുന്നുകള്‍ സ്റ്റാന്‍ഡേര്‍ഡൈസ് ചെയ്യുന്നതിനും ആധുനിക ബയോടെക്‌നോളജിയുമായി ആയുര്‍വേദത്തെ ബന്ധപ്പെടുത്തിയുള്ള ഗവേഷണങ്ങള്‍ക്കും വേണ്ടി കണ്ണൂർ ജില്ലയിലെ പടിയൂരിൽ സ്ഥാപിക്കുന്ന രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ഒന്നാംഘട്ട പ്രവൃത്തിക്കുള്ള ടെണ്ടർ നടപടികൾ ആരംഭിച്ചു. കേരളീയ ആയുര്‍വേദ ഉത്പന്നങ്ങളുടെ ഗുണനിലവാര നിയന്ത്രണങ്ങളും ചികിത്സാ സംബന്ധമായ പരീക്ഷണവും ശക്തമാക്കുക എന്നതാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

ആധുനിക രീതിയിലുള്ള ആയുര്‍വേദ മരുന്നുകളുടെ രാസപരവും ചികിത്സാ തോതിലുമുള്ള ക്ലിനിക്കല്‍ ട്രയല്‍, ടോക്‌സിസിറ്റി ടെസ്റ്റ് തുടങ്ങിയവ ബയോടെക്‌നോളജി, നാനോടെക്‌നോളജി എന്നിവയുടെ സഹായത്തോടുകൂടി രാജ്യാന്തര നിലവാരത്തില്‍ ശാസ്ത്രീയമായി നടത്തുന്നതിന് വിദഗ്ധ പരീക്ഷണ ഗുണനിലവാര ലാബോറട്ടറി നിലവിലില്ലാതതിനാല്‍ പുതിയ മരുന്നുകള്‍ വേണ്ടത്ര ദേശീയ അന്തര്‍ദേശീയ തലത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ല. ഈ കുറവ് പരിഹരിക്കുന്നതിന് വേണ്ടി എന്‍.എ.ബി.എല്‍. അക്രഡിറ്റേഷന്‍ ലഭിക്കുന്ന ഒരു ആയുര്‍വേദ പഠന ഗവേഷണ കേന്ദ്രം കൂടിയാക്കി ഇതിനെ മാറ്റും.

സ്വകാര്യ മേഖലയിലെ ആയുഷ് ഉല്പന്നങ്ങളുടെ രാസ, ജൈവ ബയോടെക്‌നോളജി ഉപയുക്തമാക്കിയുള്ള മരുന്നു പരീക്ഷണം നടത്തുന്നതിനുള്ള സൗകര്യം ലഭ്യമാക്കുക, ആയുര്‍വേദ മരുന്നുത്പാദിപ്പിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ തരംതിരിവ്, ഗുണമേന്മ എന്നിവ നിര്‍ണയിക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കുക, ആയുര്‍വേദ ചികിത്സ മരുന്നുകള്‍ വികസിപ്പിക്കാനുള്ള ലാബും വിപണനം ചെയ്യാനുള്ള സ്റ്റാര്‍ട്ട് അപ്പ് പരിശീലനകേന്ദ്രവും ആരംഭിക്കുക, ആയുര്‍വേദ വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണ ശാസ്ത്രീയ സംരഭകത്വസിദ്ധികള്‍ ഉണ്ടാവാനുള്ള വിദഗ്ധ പരിശീലനത്തിനും പഠനത്തിനുമുള്ള സൗകര്യം ഉണ്ടാക്കുക, ഇന്ത്യയിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും പ്രചാരത്തിലുള്ള ആയുര്‍വേദത്തിന്റെ വിവിധ ആധാരഗ്രന്ഥങ്ങളും, ചികിത്സാരീതികളും, ക്രോഡീകരിച്ച് തര്‍ജിമ ചെയ്ത് ലഭ്യമാക്കുകയും ഈ രീതികള്‍ പ്രചരിപ്പിക്കുകയും ചെയ്യുക എന്നിവയാണ് കേന്ദ്രത്തിന്റെ മറ്റ് ലക്ഷ്യങ്ങള്‍.

ഇതിന്റെ ഭാഗമായി മ്യൂസിയം, ഗവേഷണ ആശുപത്രി, പഠന ഗവേഷണ കേന്ദ്രങ്ങള്‍, ഔഷധ സസ്യ തോട്ടങ്ങൾ എന്നിവയുണ്ടാകും. ഈ ആഴ്ച്ച തന്നെ ടെണ്ടർ നടപടികൾ പൂർത്തിയാകും. ആയുഷ് വകുപ്പിന് വേണ്ടി 59.93 കോടി രൂപയുടെ ഒന്നാം ഘട്ട പ്രവർത്തിക്കുള്ള പ്രവൃത്തിക്കുള്ള ഇ-ടെണ്ടർ കിറ്റ്‌കോയാണ് ക്ഷണിച്ചത്. നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് പ്രവൃത്തി ആരംഭിക്കും. 8 മാസം കൊണ്ട് ഒന്നാം ഘട്ട നിർമാണം പൂർത്തിയാക്കും. 300 കോടി രൂപയാണ് മൊത്തം അടങ്കല്‍ തുകയായി കണക്കാക്കുന്നത്.



By onemaly