Sat. Dec 5th, 2020
ബംഗളൂരു ആസ്ഥാനമായി കൊച്ചിയില്‍ ഓഫ് ക്യാംപസുമായി പ്രവര്‍ത്തിക്കുന്ന ജെയിന്‍ കല്‍പിത സര്‍വകലാശാലയ്ക്ക് അനുമതിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ കൊച്ചിയില്‍ ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ഓഫ് കാമ്ബസുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകാതിരിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ ടൈറ്റസ് യുജിസി ചെയര്‍മാന്‍ പ്രൊഫസര്‍ ഡി.പി സിംഗിന് കത്തയച്ചു. എന്നാല്‍ വ്യാജപ്രചാരണമാണ് ചിലര്‍ നടത്തുന്നതെന്ന വിശദീകരണവുമായി സര്‍വകലാശാലയും രംഗത്തെത്തി.

ഉന്നത വിദ്യാഭ്യാസവകുപ്പിന് ലഭിച്ച പരാതികളുടെ സാഹചര്യത്തിലാണ് യുജിസി ചെയര്‍മാന് നടപടി ആവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്. ജെയിന്‍ ‘ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി’ ഓഫ് കാമ്ബസ് എന്ന പേരില്‍ മാധ്യമങ്ങളില്‍ വന്‍തോതില്‍ പരസ്യങ്ങളും പ്രചരണവും നടത്തി കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന് നടപടി ആവശ്യപ്പെട്ടയച്ച കത്തില്‍ ഉഷാ ടൈറ്റസ് വ്യക്തമാക്കുന്നു. അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടി വഞ്ചിതരാകരുതെന്ന് ലക്ഷ്യമിട്ടാണ് കേരളാ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടുന്നതെന്നും ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.

ജെയിന്‍ യൂണിവേഴ്‌സിറ്റി കൊച്ചി ഓഫ് കാമ്ബസിലെ ബിരുദം സാധുവല്ലെന്ന് കാണിച്ച്‌ 2019 നവംബറില്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തിയിരുന്നു. കൊച്ചിയില്‍ ഓഫ് കാമ്ബസ് തുടങ്ങാന്‍ യുജിസി അനുമതി നല്‍കിയിട്ടില്ലെന്നും ഇവിടെ നടത്തുന്ന കോഴ്സുകളില്‍ വിദ്യാര്‍ഥികള്‍ വഞ്ചിതരാകരുതെന്നുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നവംബര്‍ 23ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നത്.

എന്നാല്‍, ജെയിന്‍ കല്‍പിത സര്‍വകലാശാലയുടെ (ഡീംഡ് ടു ബി യൂണിവേഴ്സിറ്റി) കൊച്ചി ഓഫ് ക്യാംപസ് പ്രവര്‍ത്തിക്കുന്നത് യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ചാണെന്നാണ് സര്‍വകലാശാലയുടെ നിലപാട്. സര്‍ക്കാര്‍ അയച്ച കത്ത് പുറത്ത് വന്നതിന് പിന്നാലെ വിഷയം വാര്‍ത്തയായതോടെയാണ് തെറ്റായ പ്രചാരണം നടക്കുന്നെന്ന് കാട്ടി പ്രോ വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത രംഗത്തെത്തിയത്. കുസാറ്റ് മുന്‍ വിസി കൂടിയാണ് ജെ.ലത.

അക്കാദമിക പ്രവര്‍ത്തനം മാനിച്ചു 2018 മാര്‍ച്ച്‌ 20 നു യുജിസി ജെയിന്‍ സര്‍വകലാശാലയ്ക്കു കാറ്റഗറി 2 സ്ഥാനം നല്‍കി ഗ്രേഡഡ് ഓട്ടോണമി അനുവദിച്ചിച്ചട്ടുണ്ട്. 2018ലെ യുജിസി (ഡീംഡ് ടു ബി യൂണിവേഴ്സിറ്റീസ്) നിയന്ത്രണ നിയമ പ്രകാരം കാറ്റഗറി 2 സ്ഥാനമുള്ള കല്‍പിത സര്‍വകലാശാലകള്‍ക്ക് 5 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് എവിടെയെങ്കിലും 2 ഓഫ് ക്യാംപസുകള്‍ ആരംഭിക്കാം എന്നു വ്യവസ്ഥയുണ്ട്. ഇതിനു യുജിസിയുടെ പരിശോധനയും ആവശ്യമില്ല. ഇതൊക്കെ മറച്ചു വച്ചാണു ചിലരുടെ തെറ്റായ പ്രചാരണമെന്നും പ്രോ വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത വ്യക്തമാക്കുന്നു.

ഓഫ് ക്യാംപസുകള്‍ ആരംഭിക്കുന്ന സ്ഥാപനങ്ങള്‍ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന് താല്‍പര്യ പത്രവും അപേക്ഷയും സമര്‍പ്പിക്കണമെന്നാണ് വിജ്ഞാപനം. അതനുസരിച്ചു ജെയിന്‍ സര്‍വകലാശാല അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പും കേരളത്തിലുണ്ടായ പ്രളയവും മൂലം വിദഗ്ധ സമിതിയുടെ സന്ദര്‍ശനം നീണ്ടു പോയി. ഇക്കഴിഞ്ഞ 2019 ഡിസംബര്‍ 8 മുതല്‍ 10 വരെ കൊച്ചി ഓഫ് ക്യാംപസ് സന്ദര്‍ശിച്ച സമിതി യുജിസിക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൊച്ചിയില്‍ ഓഫ് ക്യാംപസ് ആരംഭിക്കാന്‍ അനുമതി നല്‍കാമെന്നു ഈ വര്‍ഷം മേയില്‍ യുജിസി യോഗം ശുപാര്‍ശ നല്‍കിയിട്ടുമുണ്ട്. ഇക്കാര്യം അറിയിച്ചു യുജിസി ജോയിന്റ് സെക്രട്ടറിയുടെ കത്ത് കഴിഞ്ഞ മാസം ലഭിച്ചിട്ടുണ്ടെന്നും ഡോ. ലത വിശദീകരിക്കുന്നതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളെ വഞ്ചിക്കുകയാണെന്ന അടിസ്ഥാനരഹിതമായ പ്രചരണം അഴിച്ചുവിടുന്നതെന്നും ഡോ. ലത ആരോപിക്കുന്നു.

ജെയിന്‍ യുണിവേഴ്സിറ്റി എന്ന സ്ഥാപനത്തിന് അനുമതി ഇല്ലെന്ന് പി.ആര്‍.ഡി ഉള്‍പ്പെടെ മുന്‍പ് സൂചിപ്പിക്കുകയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥതലത്തില്‍ നിന്നും യൂണിവേഴ്സിറ്റിക്കെതിരെ നിലപാടുകള്‍ സ്വീകരിക്കപ്പെടുകയും ചെയ്യുമ്ബോള്‍ അതിനെയെല്ലാം അവഗണിച്ചു മുന്നോട്ടുപോകാന്‍ സ്വകാര്യ യൂണിവേഴ്സിറ്റി നടത്തിപ്പുകാര്‍ക്ക് ധൈര്യം നല്‍കുന്നത് ആരാണെന്ന ചോദ്യം ഉയര്‍ത്തുകയാണ് വിദ്യാര്‍ത്ഥി സംഘടനയായ കെ എസ് യു. എറണാകുളത്തെ ജയിന്‍ യൂണിവേഴ്സിറ്റി ഓഫ് ക്യാംപസ് നിയമാനുസൃതമോ-വ്യാജനോ എന്ന് വിദ്യാര്‍ത്ഥികളുടെയും, പൊതുസമൂഹത്തിന്‍്റെയും ആശങ്കയില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും കേരള വിദ്യാര്‍ത്ഥി യൂണിയന്‍ സംസ്ഥാന അധ്യക്ഷന്‍ അഭിജിത്ത് ആവശ്യപ്പെടുന്നു.

കൊമേഴ്സ്, മാനേജ്മെന്‍റ്, ആര്‍ട്സ്, സയന്‍സ് വിഭാഗങ്ങളിലായി 32 കോഴ്സുകളാണ് കൊച്ചി ക്യാംപസില്‍ ഒരുക്കുന്നതെന്നായിരുന്നു ജെയില്‍ വ്യക്തമാക്കിയിരുന്നത്. റെഗുലര്‍, പ്രഫഷനല്‍, ഓണേഴ്സ് സ്ട്രീമുകളില്‍ കോഴ്സുകളും പരമ്ബരാഗത കോഴ്സുകള്‍ക്കൊപ്പം തൊഴിലധിഷ്ഠിത വിഷയങ്ങളും ചേര്‍ത്ത് അവതരിപ്പിക്കുമെന്നുള്‍പ്പെടെയായിരുന്നു ജെയിന്‍ സര്‍വകലാശാല അറിയിച്ചിരുന്നത്.
By onemaly