Fri. Dec 4th, 2020




തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി ജയചന്ദ്രനാണ് കോവിഡ് ബാധിച്ചു മരിച്ചത്. 56 വയസായിരുന്നു. വൃക്ക രോഗബാധിതനായിരുന്നു. ഇതോടെ സംസ്ഥാനത്ത കോവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം 43 ആയി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ഡയാലിസിസിന് വിധേയനായിരുന്നു. മൂന്ന് ദിവസം മുന്‍പ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നുനടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇയാളുടെ മരണത്തോടെ തിരുവനന്തപുരം ജില്ലയില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി. നാളെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സംസ്‌ക്കാരം നടക്കുക. അതിനിടെ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി. ഈ മാസം 28 വരെയാണ് നഗരസഭാ പരിധിയില്‍ ലോക്ക്ഡൗണ്‍ നീട്ടിയത്. ജില്ലയില്‍ സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നത്.

ക്രിട്ടിക്കല്‍ കണ്ടെയിന്മെന്റ് സോണുകള്‍ ഒഴികെയുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലാണ് നിയന്ത്രണങ്ങള്‍ ബാധകം. അക്കൗണ്ട് ജനറല്‍ ഓഫീസ് 30 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. കിന്‍ഫ്ര പാര്‍ക്കിനുള്ളില്‍ നടക്കുന്ന മെഡിക്കല്‍ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരാം. എന്നാല്‍ നിര്‍മ്മാണ മേഖലയ്ക്കുള്ളില്‍ ക്യാമ്ബുകളില്‍ കഴിയുന്ന ജോലിക്കാരെ മാത്രമേ ജോലിക്കായി നിയോഗിക്കാന്‍ പാടുള്ളു. ഇവരെ നിര്‍മ്മാണ മേഖലയ്ക്കു പുറത്തുവിടാന്‍ പാടില്ല. മറ്റെല്ലാ നിയന്ത്രണങ്ങളും നിലവിലുള്ളതു പോലെ തുടരുമെന്നും കളക്ടര്‍ നവജ്യോത് ഖോസ അറിയിച്ചു.

തിരുവനന്തപുരത്ത് ഇന്ന് 222 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 203 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 25 പേരാണ് തിരുവനന്തപുരത്ത് ഇന്ന് രോഗ മുക്തി നേടിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏഴ് ഡോക്ടര്‍മാരടക്കം 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. ഇതോടെ 40 ഡോക്ടര്‍മാരടക്കം 150 ജീവനക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഏഴ് ഡോക്ടര്‍മാര്‍, അഞ്ച് സ്റ്റാഫ് നഴ്സ്, ശസ്ത്രക്രിയ വാര്‍ഡില്‍ രോഗികള്‍ക്ക് കൂട്ടിരുന്നവര്‍ എന്നിവര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം ആറ് ഡോക്ടര്‍മാര്‍ക്ക് രോഗം ബാധിച്ചിരുന്നു.

അതിനിടെ വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലെ ഒരു പൊലീസുകാരന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സിഐ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്. അതിനിടെ തിരുവനന്തപുരത്ത് കോവിഡ് 19 സാമൂഹികവ്യാപനം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ 5000 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ഉടനെ ലഭ്യമാക്കുമെന്ന് ശശി തരൂര്‍ എംപി അറിയിച്ചു. ക്രിട്ടിക്കല്‍ കണ്ടൈനമെന്റ് സോണുകളായി പ്രഖ്യാപിച്ച തന്റെ മണ്ഡലത്തിലെ പ്രദേശങ്ങളില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തണം എന്ന ജനങ്ങളുടെ ആവശ്യത്തിന് പരിഹാരമായി ആണ് ഇവ ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കോര്‍പറേഷന്‍, കോട്ടുകാല്‍, കരിംകുളം, പൂവാര്‍, കുളത്തൂര്‍ ഗ്രാമ പഞ്ചായത്തുകളുടെ പരിധിയിലേക്കാണ് കിറ്റുകള്‍ ലഭ്യമാക്കുക. ഇതിലേക്കായി തന്റെ ഫണ്ടില്‍ നിന്നും നേരത്തെ ഐസിഎംആര്‍ ടെസ്റ്റ് കിറ്റുകള്‍ക്കായി മാറ്റി വെച്ച തുകയില്‍ നിന്നും ഇരുപത്തിയഞ്ച് ലക്ഷത്തി ഇരുപതിനായിരം രൂപ വിനിയോഗിക്കാന്‍ അദ്ദേഹം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.




By onemaly