Mon. Nov 23rd, 2020




തിരുവനന്തപുരം:കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍, ഐസിഎംആര്‍ അംഗീകാരമുള്ള സ്വകാര്യ ലാബുകള്‍ക്കും ആശുപത്രികള്‍ക്കും ആന്‍റിജന്‍ പരിശോധനയ്ക്കുള്ള ഫീസ് സര്‍ക്കാര്‍ നിശ്ചയിച്ചു. ഇതിനുള്ള നിരക്ക് 625 രൂപയായി നിശ്ചയിച്ചു. നേരത്തെ 3500 രൂപവരെയാണ് ആന്റിജന്‍ പരിശോധനയ്ക്കു ലാബുകള്‍ ഈടാക്കിയിരുന്നത്. ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ വേണം പരിശോധനയ്ക്ക് എത്തേണ്ടത്.

നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍റ് ഹെല്‍ത്ത് കെയര്‍ (എന്‍എബിഎച്ച്‌) അക്രഡിറ്റേഷന്‍, നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ലബോറട്ടറീസ് (എന്‍എബിഎല്‍), ഐസിഎംആര്‍ അംഗീകാരമുള്ള ലാബുകള്‍, സംസ്ഥാന ആരോഗ്യവകുപ്പിന്‍റെ അംഗീകാരമുള്ള സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ആന്‍റിജന്‍ ടെസ്റ്റ് നടത്താം. ഇതിനായി ഐസിഎംആറിലും ആരോഗ്യവകുപ്പിലും റജിസ്റ്റര്‍ ചെയ്തു അംഗീകാരം വാങ്ങണം.

സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്നറിയാന്‍ തീരദേശമേഖലയിലും ആദിവാസി മേഖലകളിലും ചേരികളിലും സെന്റിനല്‍ സര്‍വേ നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. തീരപ്രദേശത്തെ 80 വില്ലേജുകളിലും, ആദിവാസി മേഖലയിലെ 25 വില്ലേജുകളിലും 15 ചേരികളിലുമാണ് പരിശോധന നടത്തുന്നത്. തീരദേശ മേഖലയില്‍ ഒരു ദിവസം നൂറ് പേര്‍ക്ക് ആന്‍റിജന്‍ ടെസ്റ്റ് നടത്തും. ആദിവാസി മേഖലകളില്‍ 40 പേര്‍ക്കു പരിശോധന നടത്തും.

പരിശോധന നടത്തുന്ന ലാബുകളില്‍ കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ സ്വീകരിക്കണം. റിസള്‍ട്ട് ആരോഗ്യവകുപ്പിനെ അറിയിക്കണം. ഐസിഎംആറിനും റിസള്‍ട്ട് കൈമാറണം. ആന്റിജന്‍ ടെസ്റ്റ് പോസിറ്റീവ് ആയാല്‍ വൈറസ് ബാധിതനാണെന്ന് സ്ഥിരീകരിക്കാം. എന്നാല്‍ കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആയാല്‍ ആര്‍ടി പിസിആര്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശിക്കണം. രോഗ മേഖലയില്‍ നിന്നൊ, കോണ്‍ടാക്‌ട് സംശയിക്കുന്നവരൊ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആയാലും 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്



By onemaly