
കൊച്ചി : കഴിഞ്ഞ മാസം ജൂണ്‍ 24നാണ് കണ്ണൂര്‍ സ്വദേശിനിയായ വര്‍ഷ അമ്മയുടെ കരള്‍മാറ്റി വയ്ക്കലിനായി ആരെങ്കിലും സഹായിക്കാമോ എന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. മുപ്പത് ലക്ഷത്തോളം ചിലവ് വരുന്ന ശസ്ത്രക്രിയയ്ക്ക് സഹായം തേടാന്‍ ഇതല്ലാതെ മറ്റൊന്നും വര്‍ഷയുടെ മുന്നിലുണ്ടായിരുന്നില്ല. എന്നാല്‍ വര്‍ഷയുടെ വീഡിയോയ്ക്ക് ഫലം ഉണ്ടായി അതും മണിക്കൂറുകള്‍ക്കകം. വീഡിയോ ചെയ്തയുടന്‍ ഓണ്‍ലൈന്‍ ചാരിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന സാജന് കേച്ചേരി എന്നയാളാണ് സഹായിക്കാം എന്ന വാഗ്ദാനം നല്കി എത്തിയത്. മുപ്പത് ലക്ഷം ആവശ്യമായിരുന്ന ശസത്രക്രിയയ്ക്ക് പിറ്റേ ദിവസമായപ്പോഴേക്കും അക്കൗണ്ടില്‍ എത്തിയത് 65 ലക്ഷം. ഇതോടെ ഇനിയാരും അയക്കരുതെന്നും ആവശ്യത്തിന് തുകയായി എന്നും അഭ്യര്‍ത്ഥിച്ചെങ്കിലും സമൂഹ മാദ്ധ്യമങ്ങളിലെ നന്മമരങ്ങള് കേട്ട ഭാവം നടിച്ചില്ല. ഒരു കോടിക്കുമേല്‍ രൂപയാണ് വര്‍ഷയുടെ അക്കൗണ്ടില്‍ എത്തിയത്. ഇതോടെ കൂടെ നിന്ന സാജന് കേച്ചേരി മറ്റൊരാവശ്യം യുവതിയുടെ മുന്നില്‍ വച്ചു അക്കൗണ്ട് ജോയിന്റാക്കണം, ചികിത്സ കഴിഞ്ഞ് ബാക്കി തുക മറ്റാളുകളുടെ ചികിത്സയ്ക്കായി എടുക്കാന്‍ അനുവദിക്കണം. എന്നാല്‍ ഇത് വര്‍ഷ സമ്മതിച്ചില്ല, ഇതോടെ സഹായിക്കാനെത്തിയവരുടെ മുഖം മാറി ഭീഷണിയുടെ സ്വരമായപ്പോള്‍ സംഭവം പൊലീസ് കേസുമായി. ഇതോടെ ഇത്തരം ഇടപാടുകളില്‍ പുതിയ സംശയങ്ങള്‍ ബലപ്പെടുകയാണ് പൊലീസിന്.
ഉറ്റവര്‍ മരണത്തിന്റെ വാതില്ക്കലെത്തുമ്ബോള് സഹായവുമായി വരുന്നവര്‍ ദൈവങ്ങളാവും, അവര്‍ പറയുന്നതെന്തും അനുസരിക്കുവാന്‍ ആരും തയ്യാറാവും. പ്രത്യക്ഷത്തിന് ദൈവം എന്ന് തോന്നുന്ന ഇത്തരക്കാര്‍ക്ക് സോഷ്യല്‍ മീഡിയ ചാര്‍ത്തിയ പേരാണ് നന്മമരം. ആരാണ് നട്ടുവളര്‍ത്തിയതെന്ന് അറിയാത്ത നന്മമരങ്ങള് ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാദ്ധ്യമങ്ങളില്‍ ശരവേഗത്തില്‍ വളര്‍ന്ന് വലുതാവുകയാണ്. കുഴല്‍പ്പണമെന്നും ഹവാല പണമെന്നുമൊക്കെ പറയുന്ന അനധികൃത പണമിടപാടിനുള്ള എളുപ്പവഴിയായിട്ടാണ് ഓണ്‍ലൈന്‍ ചാരിറ്റി ഇപ്പോള്‍ വളരുന്നത്. ചികിത്സാ ആവശ്യത്തിനുള്ളതു കിഴിച്ചുള്ള തുകയുടെ ബാക്കി എത്തേണ്ടിടത്ത് എത്തും എന്ന വിശ്വാസമാണ് ഇത്തരം ഇടപാടുകള്‍ക്ക് പിന്നിലെന്ന് കരുതുന്നു. നന്മമരങ്ങള് ഫേസ്ബുക്കില്‍ ആവശ്യം അറിയിച്ചാല്‍ നിമിഷത്തിനകം വന്‍ തുക അതും ഒരു സോഴ്സില്‍ നിന്നും എത്തുന്നതാണ് സംശയം ബലപ്പെടാന്‍ കാരണമാവുന്നത്.
മുപ്പത് ലക്ഷം ചികിത്സയ്ക്ക് ആവശ്യമുണ്ടെന്ന് അറിയിച്ച വര്‍ഷയ്ക്ക് ആദ്യ ദിനം എത്തിയത് 65 ലക്ഷമായിരുന്നു ഇതില്‍ 60 ലക്ഷം എത്തിയതാവട്ടെ വിദേശത്ത് പ്രവര്‍ത്തിക്കുന്ന ഒരു ചാരിറ്റി സംഘടനയില്‍ നിന്നും ഒറ്റത്തവണയായി നിക്ഷേപിക്കുകയായിരുന്നു. ആവശ്യമുള്ളതിന്റെ ഇരട്ടി സഹായിക്കുന്ന ആ സഹായ ഹസ്തങ്ങളെ എല്ലാവരും അറിയേണ്ടതല്ലേ എന്ന ആവശ്യവും ഉയരുന്നുണ്ട്. സമൂഹ മാദ്ധ്യമങ്ങളിലെ വലിയ ഒരു നന്മമരം ഇടയ്ക്ക് ഒരു ബ്രേക്ക് എടുത്തിരുന്നു. പണവരവില്‍ കൃത്യമായ ആഡിറ്റിംഗ് വേണമെന്ന ആവശ്യമുയര്‍ന്നപ്പോഴാണ് മടുത്തു എന്ന ലേബലിറക്കി ഇദ്ദേഹം നന്മപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചത്. എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്ബ് ഇദ്ദേഹം വീണ്ടും സജീവമാവുകയായിരുന്നു. വര്‍ഷയുമായി ഇപ്പോഴുണ്ടായ പ്രശ്നങ്ങലും ഇദ്ദേഹത്തിന്റെ ഇടപെടലുകള്‍ ദുരൂഹമാണ്. തലസ്ഥാനത്തെ സ്വര്‍ണക്കള്ളക്കടത്ത് അന്വേഷിക്കുന്ന എന്‍ ഐ എയുടെ മേല്‍നോട്ടത്തില്‍ ഓണ്‍ലൈന്‍ ചാരിറ്റിയെ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.