
കൊവിഡ് രോഗികളെ നിരീക്ഷിക്കാനും ഇനി റോബോട്ട്. പരിയാരത്തെ കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ‘ടോമോഡാച്ചി’ എന്ന് പേരുള്ള റോബോട്ട് പ്രവര്‍ത്തനം തുടങ്ങിയത്. സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാന്‍ ഇനി ടോമോഡാച്ചിയുമുണ്ടാകും.
കൊവിഡ് രോഗികളെ ഇനി ആദ്യം പരിശോധിക്കുക ഈ റോബോട്ടായിരിക്കും. ടോമോഡാച്ചി എന്ന ജപ്പാനീസ് പദത്തിന്റെ അര്‍ത്ഥം സുഹൃത്ത് എന്നാണ്. ആന്‍ഡ്രോയിഡ് വേര്‍ഷനില്‍ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന ഹൈ റെസലൂഷന്‍ ക്യാമറ ഉള്‍പ്പടെ നൂതന സംവിധാനങ്ങളോടെയാണ് റോബോട്ടിനെ തയാറാക്കിയിരിക്കുന്നത്.
രോഗിയുടെ വിവരങ്ങള്‍ ടോമോഡാച്ചി അപ്പപ്പോള്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും കൈമാറും. ഇത്തരത്തിലുള്ള സംസ്ഥാനത്തെ ആദ്യത്തെ റോബോട്ട് സംവിധാനമാണിത്. ഐസിയു മോണിറ്ററില്‍ തെളിയുന്ന വെന്റിലേറ്റര്‍ ഗ്രാഫ്, ഇസിജി ഗ്രാഫ്, ബിപി, ഓക്സിജന്‍ സാച്ചുറേഷന്‍, ഹാര്‍ട്ട് റേറ്റ് എന്നിവയെല്ലാം പുറത്തുനിന്നുതന്നെ നിരീക്ഷിക്കാനും കഴിയും.
ബെഡ് നമ്ബര്‍ അമര്‍ത്തിയാല്‍ ഓരോ രോഗിയുടെയും വിശദാംശങ്ങള്‍ റോബോട്ട് ലഭ്യമാക്കും. കൊവിഡ് ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ഐസിയു രോഗികളടക്കമുള്ളവരെ മുഴുവന്‍ നേരം നിരീക്ഷിക്കാനും ഇത് വഴി സാധ്യമാകും. അഞ്ചരക്കണ്ടി മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും തിങ്ക് ഫോ ടെക്കുമായി ചേര്‍ന്നാണ് ഈ റോബോര്‍ട്ട് രൂപകല്‍പ്പന ചെയ്തത്. രണ്ട് ലക്ഷത്തോളം രൂപയാണ് ചെലവ്. വീഡിയോ കോണ്‍ഫറന്‍സ് വഴി ആരോഗ്യമന്ത്രി കെ കെ ശൈലജ ടോമോഡാച്ചിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.