Wed. Oct 20th, 2021




കണ്ണൂര്‍:ജില്ലയില്‍ നടക്കുന്ന പ്രതിഷേധ സമരങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടായിരിക്കണമെന്ന് ജില്ലാ കളക്ടര്‍ ടി വി സുഭാഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം അഭ്യര്‍ഥിച്ചു. നാട് കൊവിഡ് വ്യാപന ഭീതിയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. റിവേഴ്സ് ക്വാറന്റീനില്‍ കഴിയേണ്ട പ്രായമായവര്‍ പോലും സാമൂഹ്യ അകലം, മാസ്‌ക്ക് ധാരണം ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ തെരുവുകളില്‍ ഇറങ്ങുന്നതായാണ് കാണുന്നത്. ഇത് സമരത്തില്‍ പങ്കെടുക്കുന്നവരുടെയും മറ്റുള്ള ജനങ്ങളുടെയും ആരോഗ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് യോഗം വിലയിരുത്തി.

മെഡിക്കല്‍ കോളേജില്‍ ഒരു പരിശോധന ഉപകരണം കൂടി
ജില്ലയില്‍ സാമ്ബിള്‍ പരിശോധനയുടെ തോത് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഒരു പരിശോധനാ ഉപകരണം കൂടി സജ്ജമാക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍ അറിയിച്ചു. ജില്ലയിലെ ചില തീരങ്ങളില്‍ അനധികൃതമായി പുറത്തുനിന്നുള്ള മല്‍സ്യബന്ധന ബോട്ടുകളെത്തി വ്യാപാരം നടത്തുന്നതായും ഇവിടങ്ങളില്‍ വലിയ ആള്‍ക്കൂട്ടം ഉണ്ടാവുന്നതായും ശ്രദ്ധയില്‍പ്പെട്ടതായും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്കും പോലിസിനും മന്ത്രി നിര്‍ദ്ദേശം നല്‍കി.








By onemaly