Sat. Dec 5th, 2020




തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴി ആറുമാസത്തിനിടെ പത്ത് തവണ കളളക്കടത്ത് നടത്തിയെന്ന് വിവരം. പിടിച്ചെടുത്ത സ്വര്‍ണം തിരിച്ചുകിട്ടാന്‍ സ്വപ്ന സുരേഷ് തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിക്കുകയും ചെയ്തു.

നയതന്ത്ര ചാനലിലൂടെ കഴിഞ്ഞ ജനുവരിയിലാണ് സരിത്തും സ്വപ്ന സുരേഷും കളളക്കടത്ത് തുടങ്ങിയതെന്നാണ് വിവരം. ദുബായില്‍ കഴിയുന്ന കൊച്ചി സ്വദേശി ഫരീദാണ് സ്വര്‍ണം അയച്ചിരുന്നത്. നയതന്ത്ര ചാനലിലൂടെ കാ‍ര്‍ഗോ എത്തിയതിന്‍റെ പത്ത് എയര്‍വേ ബില്ലുകള്‍ കസ്റ്റംസ് പിടിച്ചെടുത്തു. സ്വര്‍ണം കടത്തിയ ബാഗേജ് പിടിച്ചെടുത്തതിന് പിന്നാലെ ഒളിവില്‍ കഴിയുന്ന സ്വപ്ന സുരേഷ് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചെന്നും വ്യക്തമായി.

നയതന്ത്ര ബാഗ് ആണെന്നും പിടിച്ചെടുത്താല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നുമായിരുന്നു മുന്നറിയിപ്പ്. ഇതുനടക്കാതെ വന്നതോടെ യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് വിളിയെത്തി. പിന്നാലെ കോണ്‍സുലേറ്റ് അറ്റാഷേ തന്നെ വിമാനത്താവളത്തിലെത്തി. പിടിച്ചെടുത്ത ബാഗേജ് തിരിച്ചയ്ക്കാനുളള ശ്രമവും ഉണ്ടായി. സ്വപ്ന സുരേഷിനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ലെന്ന വിശദീകരണവുമായി ഇതിനിടെ കസ്റ്റംസും രംഗത്തെത്തി

ഒളിവില്‍ക്കഴിയുന്ന സ്വപ്ന സുരേഷിനായി കസ്റ്റംസ് തെരച്ചില്‍ തുടരുകയാണ്. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്.




By onemaly