Thu. Dec 3rd, 2020




കണ്ണൂര്‍: ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട കണ്ണൂര്‍ സെന്റ് ആഞ്ചലോസ് കോട്ട കര്‍ശന നിയന്ത്രണങ്ങളോടെ സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുത്തു. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെയാണ് സന്ദര്‍ശകരെ അനുവദിക്കുക. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ പ്രവേശനാനുമതി നല്‍കുന്നുള്ളു.

സെന്റ് ആഞ്ചലോസ് കോട്ടയടക്കം 3400 ചരിത്ര സ്മാരകങ്ങളാണ് ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചത്. ആര്‍ക്കയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലുള്ള ചരിത്ര സ്മാരകങ്ങള്‍ നിബന്ധനകളോട് കൂടി തുറക്കാനുള്ള അനുമതിക്ക് എ.എസ്.ഐയുടെ തൃശ്ശൂര്‍ സര്‍ക്കിള്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ടെയ്‌ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള സ്മാരകങ്ങളും കോട്ടകളും തുറക്കാനുള്ള അനുമതി ലഭിച്ചത്. കന്യാകുമാരി മുതല്‍ കാസര്‍കോട് വരെയുള്ള 39 സ്മാരകങ്ങളാണ് ആര്‍ക്കയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ തൃശ്ശൂര്‍ സര്‍ക്കിളിലുള്ളത്.

തെര്‍മ്മല്‍ സ്‌കാനര്‍ ഉപയോഗിച്ച്‌ താപനില പരിശോധിച്ച്‌ സാനിറ്റൈസര്‍ ഉപയോഗിച്ച്‌ കൈകള്‍ അണുവിമുക്തമാക്കിയതിന് ശേഷമാണ് സന്ദര്‍ശകരെ അകത്തേക്ക് കടത്തി വിടുക. കോട്ടയില്‍ പ്രവേശിക്കുന്നതിനുള്ള ടിക്കറ്റുകള്‍ ക്യൂആര്‍ കോഡ് സ്‌കാനര്‍ ഉപയോഗിച്ച്‌ ഓണ്‍ലൈന്‍ വഴി മാത്രമാണ് എടുക്കാന്‍ സാധിക്കുക. കോട്ടയ്ക്കുള്ളില്‍ ഫോട്ടോയെടുക്കാന്‍ അനുവദിക്കില്ല. പാര്‍ക്കിംഗ്, കഫ്‌റ്രീരിയ പ്രവര്‍ത്തനം കൊവിഡ് പെരുമാറ്റ ചട്ടത്തിന് വിധേയമായിരിക്കും. ആദ്യ ദിവസമായതിനാല്‍ വളരെ കുറച്ച്‌ സന്ദര്‍ശകര്‍ മാത്രമാണ് ഇന്നലെ എത്തിയത്. വരും ദിവസങ്ങളില്‍ സന്ദര്‍ശകര്‍ കൂടുതലെത്താനാണ് സാദ്ധ്യത.




By onemaly