Tue. Nov 24th, 2020
ഇരിക്കൂർ ഗ്രാമ പഞ്ചായത്ത്.

ഇരിക്കൂർ: നാട്ടുകാരുടെയും വ്യാപാരികളുടെയും ഏറെ നാളത്തെ മുറവിളിക്ക് പരിഹാരമാവുന്നു.ഇരിക്കൂർ പാലം സൈറ്റ് മുതൽ ബസ് സ്റ്റാന്റ് വരെയുള്ള പ്രദേശങ്ങളിലെ അനധികൃത പാർക്കിങ്ങുകൾക്ക് നാളെ (തിങ്കൾ) മുതൽ നിരോധനമേർപ്പെടുത്തി.
മറ്റു ടൗണുകള അപേക്ഷിച്ച് വളരെ വീതി കുറഞ്ഞതും ഇടുങ്ങിയതുമായ ഇരിക്കൂറിലെ പാതക്കിരുവശവും അനിയന്ത്രിതമായി വാഹനങ്ങൾ നിർത്തിയിടുകയും വാഹനങ്ങളിൽ ചരക്ക് കയറ്റി ഇറക് എല്ലാ ട്രാഫിക് മര്യാദകളും ലംഘിച്ച് അനുദിനം ഗതാഗതക്കുരുക്കിൽ നാട് വീർപ്പുമുട്ടുന്നത് സംബന്ധിച്ച് ടൗണിലെത്തുന്ന വിവിധങ്ങളായ ആവശ്യങ്ങൾക്കായി ടൗണിലെത്തുന്നവരും വ്യാപാരികളും നാട്ടുകാരും ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും പോലീസിനെയും നിരന്തരം ബന്ധപ്പെട്ടിരുന്നു.
പരിയാരം, മംഗലാപുരം മെഡിക്കൽ കോളേജ്, കണ്ണൂരിലെ വിവിധ ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് കുതിച്ചു പായുന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങളും കണ്ണൂർ എയർപോർട്ടിലേക് പോകേണ്ടുന്ന വാഹനങ്ങളും പലപ്പോഴും രൂക്ഷമായ ഗതാഗതക്കുരുക്കിനെ തുടർന്ന് പലപ്പോഴും വഴിയിൽ കുടുങ്ങിക്കിടക്കുന്നത് പതിവു കാഴ്ചയായി മാറിയതോടെയാണ് ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ടി അനസിന്റെ നേതൃത്വത്തിൽ പോലീസ്, വിവിധ രാഷ്ട്രീയ കക്ഷികൾ, മഹല്ല് കമ്മിറ്റി, വ്യാപാരി നേതാക്കൾ, തൊഴിലാളി യൂണിയൻ എന്നിവയുടെ സംയുക്ത യോഗം ചേർന്നാണ് സമഗ്രമായ ഗതാഗത പരിഷ്കാരത്തിന് അന്തിമരൂപം നൽകിയത്.
ഗതാഗത പരിഷ്കാരത്തിന്റെ ഭാഗമായി പഴയ മഹല്ല് കമ്മിറ്റി ഓഫീസ് കെട്ടിടം മുതൽ കുളങ്ങര പള്ളി വരെയുള്ള 400 മീറ്റർ ഭാഗം റെഡ് സോണായി തരം തിരിച്ചു. ഇവിടെ യാതൊരു വിധത്തിലുള്ള പാർക്കിംഗും അനുവദിക്കില്ല. ഈ ഭാഗങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി വരുന്നവരുടെ നാലുചക്ര വാഹനങ്ങൾ ടാക്സി സ്റ്റാൻഡിന് സമീപത്തെ മഹൽ കമ്മിറ്റിയുടെ ഗ്രൗണ്ടിലും ഇരുചക്രവാഹനങ്ങൾ അറഫാസ്റ്റോറിന് സമീപ ഗ്രൗണ്ടിലുംവണ്ടിത്താവളം ഗ്രൗണ്ടിലും പാർക്ക് ചെയ്യേണ്ടതാണ്. വണ്ടിത്താവളം ടാക്സി സ്റ്റാൻഡ് കവാടം വഴി വരുന്ന വാഹനങ്ങൾ ഓട്ടോ സ്റ്റാൻഡിലേക്ക് വൺവേ ഏർപ്പെടുത്തി. വണ്ടിത്താവളംറോഡ് പൂർണ്ണമായും പാർക്കിംഗ് നിരോധിത മേഖലയാക്കി. കുളങ്ങര പള്ളിയുടെ എതിർവശവും മൊയ്തീൻ പള്ളിക്ക് സമീപവും വാഹനങ്ങൾ നിശ്ചിത സമയം ( പരമാവധി 15 മിനുട്ട് ) മാത്രം ഒരു വശത്ത് മാത്രമായി പാർക്കിംഗ് ഏർപ്പെടുത്തി. പോലീസ് സ്റ്റേഷൻ മുതൽ രജിസ്റ്റർ ഓഫീസ് വരെ നോ പാർക്കിംഗ് ഏരിയ ആക്കുന്നതിനും ഈ പ്രദേശത്തെ. ഇരുചക്രവാഹനങ്ങൾ ബസ് സ്റ്റാൻഡിനു മുൻവശത്തെ പാർക്കിംഗ് സ്ഥലത്തും നാലു ചക്രവാഹനങ്ങൾ ജിസിസി കെഎംസിസി ഓഫീസിലെ പിൻ വശത്തെ ഗ്രൗണ്ടിലും പാർക്ക് ചെയ്യാൻ തീരുമാനിച്ചു ജനങ്ങൾ മേൽ തീരുമാനവുമായി സഹകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ഇരിക്കൂർ പോലീസും ജനങ്ങളോട് അഭ്യർത്ഥിച്ചു
ഗതാഗത പരിഷ്കാരം നാളെ ( തിങ്കളാഴ്ച) നടപ്പിൽ വരുത്തുവാൻ പ്രസിഡന്റ് ചേംബറിൽ ചേർന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചു.
പ്രസിഡന്റ് കെടി . അനസ് അധ്യക്ഷത വഹിച്ചു.ഇരിക്കൂർ എസ് ഐ കെ പി ശ്രീഹരി, സി കെ മുഹമ്മദ്, പി കെ ഷംസുദ്ദീൻ, (മുസ്ലിം ലീഗ്) കെ പി അബ്ദുൽ അസീസ് മാസ്റ്റർ (മഹല്ല് കമ്മിറ്റി ) കെ അസൈനാർ (കോൺഗ്രസ്) സി മനോഹരൻ (സി പി എം) പി മുനീറുദ്ധീൻ, സി സി ഷാജഹാൻ, കെ ഇ പി ബഷീർ(വ്യാപാരി വ്യവസായി ഏകോപന സമിതി) എന്നിവർ സംബന്ധിച്ചു.പഞ്ചായത്ത് സെക്രട്ടറി എൻയു ഇബ്രാഹിം സ്വാഗതം പറഞ്ഞുBy onemaly