
പാലക്കാട് കോവിഡ് സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശി പരിശോധനാ ഫലം വരും മുമ്ബ് ക്വാറന്റീനില്‍ നിന്ന് കടന്നുകളഞ്ഞു. ഇയാള്‍ പാലക്കാട് തൃത്താലയില്‍ നിന്നും കോഴിക്കോട് വരെ ബൈക്കില്‍ സുഹൃത്തിനൊപ്പമാണ് യാത്ര ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തെ കോഴിക്കോട്- കണ്ണൂര്‍ യാത്രക്കിടെ കൊയിലാണ്ടിയില്‍ നിന്ന് കെ.എസ്.ആര്.ടി.സി ബസില്‍ വച്ച് പിടികൂടി.
തമിഴ്നാട്ടിലെ മധുരയില്‍ നിന്ന് 23ന് എത്തിയ ഇയാള്‍ തൃത്താലയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. ഈ മാസം 30 ന് സ്രവം പരിശോധനക്ക് അയക്കുകയും ഇന്ന് വൈകുന്നേരം ഇദ്ദേഹത്തിന്റെ ഫലം പുറത്തുവരികയുമായിരുന്നു. തുടര്‍ന്ന്, ബന്ധപ്പെട്ടപ്പോള്‍ തൃത്താലയിലുണ്ട് എന്ന് പറയുകയായിരുന്നു. എന്നാല്‍ ഉച്ചയോടെ തന്നെ സുഹൃത്തിനൊപ്പം ബൈക്കില്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്നു, ഇക്കാര്യം മനസിലാക്കിയ അധികൃതര്‍ ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു.
കോഴിക്കോട് എത്തിയതിനുശേഷം ഇയാള്‍ കെ.എസ്.ആര്.ടി.സി ബസ്സില്‍ കണ്ണൂരിലേക്ക് പോകുകയായിരുന്നു. കൊയിലാണ്ടിയില്‍ വച്ച് ബസ് തടഞ്ഞ് ഇയാളെ പിടികൂടുകയായിരുന്നു. കോവിഡ് രോഗിയായിരിക്കെ യാത്ര ചെയ്തതിനാല്‍ കണ്ടക്ടറടക്കം ബസിലുള്ളവരെ നിരീക്ഷണത്തില്‍ വിടേണ്ടി വരുമെന്നാണ് സൂചന.