Thu. Nov 26th, 2020




തിരുവനന്തപുരം: മുന്‍കൂര്‍ അനുമതി വാങ്ങാതെയും ആറടി അകലം പാലിക്കാതെയുമുള്ള കൂടിച്ചേരലുകളോ യോഗങ്ങളോ പാടില്ലെന്നു നിര്‍ദേശിച്ചു പകര്‍ച്ചവ്യാധി ഭേദഗതി വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി. ഒരു വര്‍ഷം വരെയോ അല്ലെങ്കില്‍ മറിച്ചൊരു വിജ്ഞാപനം ഇറങ്ങുന്നതു വരെയോ ആണു കാലാവധി.

അധികാരികളുടെ രേഖാമൂലമുള്ള മുന്‍കൂര്‍ അനുമതിയില്ലാതെ സമ്മേളനങ്ങള്‍, ധര്‍ണകള്‍, സമരങ്ങള്‍, ഘോഷയാത്രകള്‍, മറ്റു കൂടിച്ചേരലുകള്‍ എന്നിവ പാടില്ലെന്ന് പകര്‍ച്ചവ്യാധി ഭേദഗതി ഓര്‍ഡിനന്‍സില്‍ പറയുന്നു.മുന്‍കൂര്‍ അനുമതിയോടെ നടത്തുന്ന ഇത്തരം യോഗങ്ങള്‍ക്ക് പരമാവധി പത്തു പേരില്‍ കൂടാന്‍ പാടില്ല. എല്ലാവരും മാസ്‌ക് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും ആറടി അകലം പാലിക്കുകയും വേണമെന്നും ഓര്‍ഡിനന്‍സിന്റെ പുതുക്കിയ ഭേദഗതിയില്‍ വ്യക്തമാക്കുന്നു.

പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും പൊതുജന സാന്നിദ്ധ്യമുള്ള മറ്റിടങ്ങളിലും വാഹന യാത്രയിലും മൂക്കും വായയും മൂടുന്ന തരത്തില്‍ എല്ലാവരും മാസ്‌ക് ധരിച്ചിരിക്കണം. പൊതുസ്ഥലങ്ങളിലും ചടങ്ങുകളിലും ജനങ്ങള്‍ തമ്മില്‍ ആറടി അകലം പാലിച്ചിരിക്കണം. വിവാഹച്ചടങ്ങുകളില്‍ ഒരേ സമയത്ത് 50 പേരില്‍ കൂടരുത്.

അവിടെ കൂടുന്നവരെല്ലാം സാനിറ്റൈസര്‍ കരുതുകയും മാസ്‌ക് ധരിക്കുകയും ആറടി അകലം പാലിക്കുകയും വേണം. ചടങ്ങിന്റെ സംഘാടകരും സാനിറ്റൈസര്‍ സൗകര്യമൊരുക്കണം. മരണാനന്തര ചടങ്ങുകളില്‍ 20 പേരില്‍ കൂടരുത്. ഇവിടെയും മുഖാവരണം, സാനിറ്റൈസര്‍, ആറടി അകലം എന്നിവ നിര്‍ബന്ധം.

കടകളിലും വാണിജ്യസ്ഥാപനങ്ങളിലും ഒരു സമയത്ത് പരമാവധി 20 പേരില്‍ കൂടുതല്‍ പാടില്ല. മുറിയുടെ വലിപ്പമനുസരിച്ച്‌ വേണം ആളുകളുടെ എണ്ണം നിശ്ചയിക്കാന്‍. പൊതുസ്ഥലത്തോ റോഡിലോ ഫുട്‌പാത്തിലോ ആരും തുപ്പരുത്. മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നിന്ന് കേരളത്തിലേക്കെത്തുന്ന എല്ലാവരും കോവിഡ്19 ഇ ജാഗ്രതാ പ്ലാറ്റ്‌ഫോം വഴി മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കണം.

നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ജില്ലാ കളക്ടര്‍മാര്‍ക്കാണ്. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരമുള്ള ശിക്ഷാനടപടി സ്വീകരിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.



By onemaly