Tue. Nov 24th, 2020




കൊച്ചി > പ്രവാസികളെ നാട്ടിലെത്തിയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വന്ദേ ഭാരത് മിഷനിലൂടെ ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലെത്തിയ വിമാനങ്ങളില്‍ പകുതിയിലേറെയും വന്നത് കേരളത്തില്‍.ആകെ വന്ന 629 വിമാനങ്ങളില്‍ 338 എണ്ണവും എത്തിയത് കേരളത്തിലാണെന്നു ജൂണ്‍ 25 വരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു..ആകെ വന്ന വിമാനങ്ങളുടെ 54 ശതമാനം വരും ഇത്.

പ്രവാസികളെ എത്തിയ്ക്കാന്‍ കേരളം താല്പര്യം കാട്ടുന്നില്ലെന്ന് പ്രചരിപ്പിക്കുന്ന കേന്ദ്രമന്ത്രി വി മുരളീധരന്‍ സഹമന്ത്രിയായ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ് സൈറ്റ് പ്രസിദ്ധീകരിച്ചതാണ് ഈ കണക്ക്. വിദേശങ്ങളിലുള്ള സ്വന്തം നാട്ടുകാരെ തിരിച്ചെത്തിയ്ക്കാന്‍ ഇന്ത്യയില്‍ ഏറ്റവും താല്പര്യ പൂര്‍വ്വം പ്രവര്‍ത്തിച്ച സര്‍ക്കാര്‍ കേരളത്തിലേതാണെന്നു വ്യക്തമാക്കുന്നതാണിത്

ഗള്‍ഫ് രാജ്യങ്ങളില്‍ ആകെയുള്ളത് 1.041കോടി ഇന്ത്യക്കാരാണ്.നോര്‍ക്കയുടെ കണക്കനുസരിച്ച്‌ ഇവരില്‍ 28 ലക്ഷമാണ് മലയാളികള്‍.അതായത് 27 ശതമാനം. എന്നാല്‍ ബാക്കിയുള്ള 73 ശതമാനം വരുന്ന മറ്റ് എല്ലാ സംസ്ഥാനക്കാര്‍ക്കുമായി 46 ശതമാനം വിമാനങ്ങള്‍ മാത്രം പറന്നപ്പോള്‍ കേരളീയരായ 27 ശതമാനത്തെ നാട്ടിലെത്തിയ്ക്കാനാണ് വന്ദേഭാരത് മിഷനിലെ പകുതിയിലേറെ വിമാനങ്ങള്‍ പറന്നത്.

വന്ദേഭാരത് മിഷനിലൂടെ ജൂണ്‍ 25 വരെഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തിയ വിമാനങ്ങളുടെ പട്ടിക. അവലംബം:www.policycircle.org

ഇന്ത്യയിലേക്ക് ആകെ വിദേശത്തുനിന്നു വന്ന വിമാനങ്ങളുടെ കണക്കെടുത്താലും വിദേശത്തുള്ള മലയാളികളുടെ എണ്ണത്തിന് ആനുപാതികമായി കേരളത്തിലേക്ക് വിമാനം എത്തിയതായി കാണാം.ലോകത്താകെയുള്ള ഇന്ത്യന്‍ കുടിയേറ്റക്കാരില്‍ 23 ശതമാനമാണ് കേരളീയര്‍.വന്ദേഭാരത് മിഷന്റെ കണക്ക് മാത്രം നോക്കിയാല്‍ ആകെവന്ന വന്ദേ ഭാരത് വിമാനങ്ങളില്‍ 24 ശതമാനവും കേരളത്തിലേക്കാണ്.ചാര്‍ട്ടേഡ് വിമാനങ്ങള്‍ കൂടി പരിഗണിച്ചാല്‍ അത് 46 ശതമാനമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വിലയിരുത്തി പഠനം നടത്തിയ മണിപ്പാലില്‍ പ്രവര്‍ത്തിക്കുന്ന സാമ്ബത്തിക വിദഗ്ദ്ധയായ ഡോ രശ്മി ഭാസ്ക്കരന്‍ policycircle.org എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു.

ധാരാളം പ്രവാസികളുള്ള സംസ്ഥാനങ്ങളായ ഉത്തര്‍ പ്രദേശ്,ബിഹാര്‍,ആന്ധ്രാപ്രദേശ്,തമിഴ്നാട്,പശ്ചിമബംഗാള്‍,തെലങ്കാന,കര്‍ണാടക സംസ്ഥാനങ്ങള്‍ അധികം വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് വേണം കരുതാനെന്നു ലേഖനത്തില്‍ പറയുന്നു. വിദേശകാര്യമന്ത്രാലയവുമായി ഇക്കാര്യത്തില്‍ ബന്ധപ്പെടാന്‍ ഇവര്‍ താല്പര്യപ്പെട്ടിട്ടുണ്ടാകില്ല.എന്നാല്‍ കേന്ദ്രമന്ത്രാലയവുമായി നിരന്തരം ബന്ധപ്പെട്ട് മലയാളികളെ നാട്ടിലെത്തിയ്ക്കാന്‍ പരിശ്രമിച്ചതിന്റെ ഫലമാണ് കേരളത്തിലെത്തിയ വിമാനങ്ങളുടെ കൂടിയ എണ്ണം വ്യക്തമാക്കുന്നതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

പ്രവാസികളെ കൊണ്ടുവരാന്‍ കേരള സര്‍ക്കാര്‍ താല്പര്യം കാട്ടുന്നില്ലെന്നു കേരളത്തിലെ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് കണക്കുകള്‍ പരിശോധിയ്ക്കാതെയാണ്. പ്രതിപക്ഷം പറഞ്ഞത് ഏറ്റുപാടുകയാണ് അവര്‍ ചെ യ്തത്.സാമൂഹ്യമാധ്യമങ്ങളില്‍ ചിലര്‍ അത് പിന്നെയും പര്‍വതീകരിച്ചു പ്രചരിപ്പിപ്പിച്ചു.ഇത് കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വിശ്വാസം കുറയാന്‍ ഇടയാക്കുകയും പ്രവാസികളുടെ ഇടയില്‍ കടുത്ത ആശങ്ക ഉണ്ടാക്കുകയും ചെയ്തു-ലേഖനം പറയുന്നു.



By onemaly