Thu. Nov 26th, 2020




ഇരിട്ടി: പരേതയുടെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ രാഷ്ട്രീയപരമായി നേരിടാന്‍ സി.പി.എം. ഇതുകൂടാതെ സംഭവവുമായി ബന്ധപ്പെടാത്ത കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എന്‍. അശോകന്‍ പറഞ്ഞു. വ്യാജ പ്രചാരണം നടത്തി പഞ്ചായത്ത് പ്രസിഡന്റിനെയും ഭരണസമിതിയെയും അപഹാസ്യമാക്കാനുള്ള ഗൂഢ ശ്രമമാണ് നടക്കുന്നതെന്ന് പായം പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ആരോപിച്ചു. ക്ഷേമ പെന്‍ഷന്‍ വിതരണത്തിലെ ഒറ്റപ്പെട്ട ക്രമക്കേടിന്റെ പേരില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും ശ്രമം പായത്തെ കഴിഞ്ഞകാല വികസന നേട്ടങ്ങളെ തല്ലിക്കെടുത്താനുള്ള ആസൂത്രിത നീക്കമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്‍. അശോകന്‍ പറഞ്ഞു. ക്രമക്കേട് സംബന്ധിച്ചുള്ള അന്വേഷണം അതിന്റെ വഴിക്കുപോകും. ഇതിന്റെ പേരില്‍ വ്യക്തിഹത്യ നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അശോകന്‍ പറഞ്ഞു. കഴിഞ്ഞ കാലഘട്ടങ്ങളില്‍ ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ പഞ്ചായത്തിനെ തേടിയെത്തിയത് പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ്. നിലവിലുള്ള ഭരണസമിതി കാഴ്ചവച്ച വികസന പദ്ധതികള്‍ ജനങ്ങള്‍ വിലയിരുത്തും. കിഫ്ബിയുടെ സഹായത്തോടെ മാടത്തിലിലെ മള്‍ട്ടി പ്ലക്സ് തിയേറ്റര്‍ കം ഷോപ്പിംഗ് കോംപ്ലക്സ് പൂര്‍ത്തിയാകുന്നതും വള്ളിത്തോട് ബസ്സ്റ്റാന്‍ഡിന് സ്ഥലം ഏറ്റെടുത്തതും ഭരണസമിതിയുടെ പ്രധാന നേട്ടങ്ങളാണ്. മാടത്തിലില്‍ സ്റ്റേഡിയം വരുന്നതിനെ എതിര്‍ക്കുന്നവര്‍ വികസന വിരോധികളാണ്. ചില തത്പരകക്ഷികളുടെ വ്യക്തി താത്പര്യങ്ങള്‍ക്കും സമ്മര്‍ദത്തിനും വഴങ്ങാതെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചതിന് അസത്യ പ്രചരണം നടത്തി മാനഹാനിയുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സാവിത്രി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ വി.കെ. പ്രേമരാജന്‍, പവിത്രന്‍ കരിപ്പായി എന്നിവരും പങ്കെടുത്തു….

 



By onemaly