Mon. Nov 30th, 2020




കണ്ണൂര്‍: സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവത്തില്‍ സിപിഎം വനിതാ നേതാവിനെതിരെ പോലീസ് കേസെടുത്തു. മഹിളാ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം പായം സ്വദേശി കെ.പി സ്വപ്നക്കെതിരെയാണ് ഇരിട്ടി പോലീസ് കേസെടുത്തത്. പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ സിപിഎം നേതാവ് എന്‍. അശോകന്റെ ഭാര്യയാണ് സ്വപ്ന.

കഴിഞ്ഞ മാര്‍ച്ച്‌ 9 ന് മരിച്ച കൗസു നാരായണന്‍ എന്ന സ്ത്രീയുടെ അഞ്ചു മാസത്തെ വാര്‍ദ്ധക്യ കാല പെന്‍ഷനായ 6,100 രൂപ തട്ടിയെടുത്തെന്നാണ് പരാതി. വഞ്ചനാക്കുറ്റം അടക്കം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. വീഴ്ച കണ്ടെത്തിയതോടെ ഇരിട്ടി റൂറല്‍ ബാങ്ക് കലക്ഷന്‍ ഏജന്റ് സ്ഥാനത്ത് നിന്ന് സ്വപ്നയെ സസ്പെന്റ് ചെയ്തിരുന്നു. പെന്‍ഷന്‍ വാങ്ങിയവരുടെ വിവരങ്ങള്‍ എല്ലാം സര്‍ക്കാറിന്റെ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്തിട്ടുമുണ്ട്.

ബാങ്ക് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കൗസു നാരായണന്റെ പെന്‍ഷന്‍ തുക വിതരണം ചെയ്തതായി രേഖകളില്‍ കണ്ടെത്തി. പണം കുടുംബം ഒപ്പിട്ടുവാങ്ങിയെന്നാണ് ബാങ്കില്‍ സ്വപ്ന അറിയിച്ചത്. എന്നാല്‍ പണം ലഭിച്ചിട്ടില്ലന്ന പരാതിയുമായി കൗസുവിന്റെ മകള്‍ ടി. അജിതയും മരുമകന്‍ കെ.ബാബുവും രംഗത്തെത്തി.

ആദ്യം നടപടിയെടുക്കാതിരുന്ന പോലീസ് സംഭവം വിവാദമായതോടെയാണ് കേസെടുത്തതെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്‍ ആരോപിച്ചു. മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ മാതൃസഹോദരിയുടെ മകളായ പ്രതിക്കെതിരെ കാര്യക്ഷമമായ അന്വേഷണത്തിന് സാധ്യതയില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു. സിപിഎമ്മിലെ പ്രാദേശിക നേതാക്കന്മാര്‍ ഫണ്ട് തട്ടിയെടുക്കുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

അതേസമയം ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്ന് സിപിഎം ഇരിട്ടി ഏരിയാ കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി. വിഷയത്തില്‍ പാര്‍ട്ടി പരിശോധന നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പ്രദേശത്തെ സിപിഎം നേതാക്കള്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്ന് തരത്തിലുള്ള പ്രചരണങ്ങള്‍, അടിസ്ഥാനരഹിതമാണെന്നും അത് തള്ളിക്കളയണമെന്നും ഏരിയ സെക്രട്ടറി ബിനോയ് കുര്യന്‍ ആവശ്യപ്പെട്ടു.



By onemaly