
തിരുവനന്തപുരം:”ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ സഹോദരിയായിട്ടേ എന്നും കണ്ടിട്ടുള്ളൂ. ശൈലജയുമായും കുടുംബവുമായും ദീര്‍ഘവര്‍ഷത്തെ സൗഹൃദമുണ്ട്.തിരിച്ചും സ്നേഹ ബഹുമാനത്തോടെ മാത്രമേ അവര്‍ പെരുമാറിയിട്ടുമുള്ളൂ” കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കി.
അവരെ അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ല. എന്നാല്‍ രാഷ്ട്രീയമായി പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്ക്കുന്നു. തികച്ചും ആകസ്മികമായി, നര്‍മ്മത്തോടെ സരസമായി പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ച് വിവാദമാക്കാനാണ് ചിലര്‍ ശ്രമിച്ചത്.നിപയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ ചുക്കാന്‍ പിടിച്ചിരുന്നു. ഇതേക്കുറിച്ച് പ്രതിപക്ഷ നേതാവും ലീഗ് നേതാവ് എം.കെ.മുനീറും പറഞ്ഞ കാര്യങ്ങള്‍ക്ക് അനുബന്ധമായി സംസാരിച്ചപ്പോഴാണ് ഈ പരാമര്‍ശമുണ്ടായത്. ദുരന്തത്തെപ്പോലും രാഷ്ട്രീയമായി ഉപയോഗിക്കാന്‍ സി.പി.എം ശ്രമിക്കുന്നുവെന്നാണ് മുനീര്‍ പറഞ്ഞത്. നിപയെ പ്രതിരോധിച്ചത് ആരോഗ്യ പ്രവര്‍ത്തകരുടെ മിടുക്കായിരുന്നു. മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ ആരോഗ്യമന്ത്രിയോ എക്സൈസ് മന്ത്രിയോ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയോ അവിടേക്ക് തിരിഞ്ഞു നോക്കിയിരുന്നില്ല. അതാണ് ഞാന്‍ പറഞ്ഞത്. അവര്‍ മോണിട്ടര്‍ ചെയ്തിട്ടുണ്ടാവാം. പക്ഷേ ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരാന്‍ അവിടെയെത്തിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡ് ഉണ്ടാകുന്നതിനു മുമ്ബും ജനങ്ങളെ ആകര്‍ഷിക്കും വിധം നല്ല രീതിയില്‍ പെരുമാറുന്ന മന്ത്രിയാണ് ശൈലജ. ഒന്നുമല്ലെങ്കിലും ഹൃദ്യമായി ചിരിക്കാന്‍ അറിയാം. ചിരിക്കാത്ത ധാര്‍ഷ്ട്യമുള്ള നേതാക്കളാണ് സി.പി.എമ്മില്‍ കൂടുതല്‍. റോക്ക് സ്റ്റാറിന്റെ അര്‍ത്ഥം അറിയാത്ത ആളൊന്നുമല്ല താന്‍. അടുത്ത ദിവസത്തെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി റോക്കിംഗ് സ്റ്റാര്‍ എന്ന് തെറ്റായി പറഞ്ഞതിനെ കുറിച്ച് ചോദിക്കാന്‍ ഒരു പത്രലേഖകനും തയ്യാറായില്ല.മുഖ്യമന്ത്രി ശൈലജയെ നോക്കുകുത്തിയാക്കിയിരിക്കുകയാണ്. പത്രസമ്മേളനത്തില്‍ തടവുകാരിയാക്കി. ശബ്ദിക്കാന്‍ അവകാശമില്ല. ആരോഗ്യ മന്ത്രിയെന്ന നിലയില്‍ ശൈലജയ്ക്ക് കാര്യങ്ങള്‍ നന്നായി വിശദീകരിക്കാന്‍ കഴിയുമായിരുന്നു. അതിനവസരം നല്‍കാത്തത് മുഖ്യമന്ത്രിയുടെ ഉപജാപക സംഘത്തിന്റെ ഗൂഢാലോചനയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.
തന്നെ ഒറ്റപ്പെടുത്താല്‍ ഇനിയും ശ്രമമുണ്ടായിട്ടുണ്ട്. ഒറ്റപ്പെടുത്താമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില് അവര്‍ക്ക് തെറ്റിപ്പോയിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.