Sun. Nov 29th, 2020




കാസര്‍കോട്:  കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങി കാസര്‍കോട്ടെ മൂന്ന് ലോഡ്ജുകളില്‍ അനധികൃതമായി ക്വാറന്റേനില്‍ കഴിഞ്ഞു വന്ന 100 ഓളം കര്‍ണ്ണാടക സ്വദേശികളെ ഒഴിപ്പിച്ചു. ഇവരെ ഞായറാഴ്ച രാത്രിയോടെ തലപ്പാടിയിലെത്തിച്ചു. ഇവര്‍ താമസിച്ചുവന്ന മുറികള്‍ അണുനാശിനി ചെയ്ത് ഒരാഴ്ച അടച്ചിടാനും അധികൃതര്‍ ഹോട്ടലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതെ സമയം സംഭവത്തില്‍ ജില്ലാ ഭരണകൂടത്തിന് വീഴ്ച്ച സംഭവിച്ചതായി ആരോപിച്ച്‌ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷറഫ് എടനീര്‍ ഫെയിസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നു.

തഹസീല്‍ദാരെ അറിയിച്ച ശേഷമാണ് കര്‍ണ്ണാടക സ്വദേശികളെ ക്വാറന്റേനിനായി താമസിപ്പിച്ചതെന്നാണ് ലോഡ്ജ് അധികൃതര്‍ ബന്ധപ്പെട്ടവരോട് ബോധിപ്പിച്ചത്. എന്നാല്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കാതെ അനധികൃതമായാണ് അന്യസംസ്ഥാനക്കാരെ ക്വാറന്റേനില്‍ താമസിപ്പിച്ചതെന്ന് കണ്ടാണ് അവരെ ഒഴിപ്പിച്ചതെന്നും മുറികള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നുമാണ് ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നത്. കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ആര്‍.ഡി.ഒ.യുടെ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കല്‍ നടപടി. വിദേശത്ത് നിന്നും വരുന്നവര്‍ സ്വന്തം സംസ്ഥാനത്തെത്തി ക്വാറന്റേനില്‍ കഴിയണമെന്നാണ് കോവിഡ് പ്രോട്ടോകോളില്‍ നിര്‍ദ്ദേശമുള്ളത്. ഇത് പാലിക്കാത്തതിനാലാണ് നടപടി സ്വീകരിച്ചത്.
അതേ സമയം ഇതേ ലോഡ്ജുകളില്‍ ക്വാറന്റേനില്‍ കഴിയുന്ന കാസര്‍കോട്ടുകാര്‍ക്ക് അവിടെ തന്നെ ക്വോറന്റേനില്‍ തുടരാന്‍ തടസ്സമില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ബസിലാണ് ഇത്രയും പേര്‍ കാസര്‍കോട്ടെത്തിയത്. ഇവര്‍ക്ക് ഇവിടെ തങ്ങാന്‍ ആര് അനുമതി കൊടുത്തു എന്ന കാര്യത്തില്‍ അവ്യക്ത നില നില്‍ക്കുന്നുണ്ട്.

ലോഡ്ജുകളിലെ മുഴുവന്‍ പേരെയും ഒഴിപ്പിച്ച്‌ മൂന്ന് ലോഡ്ജുകളും ഏഴ് ദിവസത്തേക്ക് അടച്ചിടണമെന്ന വ്യാഖ്യാനം കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് ആദ്യം ഉണ്ടായിരുന്നു. എന്നാല്‍ അന്യസംസ്ഥാനക്കാരെ മാത്രം ഒഴിപ്പിക്കാനുള്ള നിര്‍ദ്ദേശമായിരുന്നു ഇതെന്ന് പിന്നീടാണ് വ്യക്തമായത്. ഈ സാഹചര്യത്തിലാണ് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷറഫ് എടനീര്‍ ജില്ലാ ഭരണകൂടത്തെ വിമര്‍ശിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നത്.



By onemaly