Thu. Nov 26th, 2020




ജയ്‌പുര്‍: കൊവിഡ് ഭേദമാക്കാനുള്ള മരുന്നുമായി ഇറങ്ങിയ ബാബ രാംദേവ്, പതഞ്ജലി സി.ഇ.ഒ ആചാര്യ ബാല്‍കൃഷ്ണ എന്നിവരടക്കം അഞ്ച് പേര്‍ക്കെതിരെ ജയ്‌പുര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പതഞ്ജലിയുടെ ആയുര്‍വേദ മരുന്ന് പ്രചരിപ്പിച്ച്‌ ബാബ രാംദേവ് ആളുകളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് എഫ്‌.ഐ.ആറില്‍ പറയുന്നു.

കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണ് കൊറോണില്‍ എന്ന തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തിയെന്നാരോപിച്ചാണ് രാംദേവ്, ആചാര്യ ബാല്‍കൃഷ്ണ, ശാസ്ത്രജ്ഞന്‍ അനുരാഗ് വര്‍ഷ്നി, നിംസ് ചെയര്‍മാന്‍ ബല്‍ബീര്‍ സിംഗ് തോമര്‍, ഡയറക്ടര്‍ അനുരാഗ് തോമര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

ചൊവ്വാഴ്ച ഹരിദ്വാറിലാണ് പുതിയ മരുന്ന് പതഞ്ജലി പുറത്തിറക്കിയത്. മണിക്കൂറുകള്‍ക്കകം കേന്ദ്ര സര്‍ക്കാര്‍ പതഞ്ജലിയോട് വിശദീകരണവും തേടിയിരുന്നു. മരുന്നിന്റെ പരസ്യം നല്‍കുന്നത് നിറുത്തിവയ്ക്കണമെന്നും പരിശോധനയ്ക്കു വിധേയമാക്കുന്നതുവരെ അത്തരം അവകാശവാദങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും സര്‍ക്കാര്‍ കമ്ബനിയോട് നിര്‍ദേശിച്ചു.

‘കൊറോണില്‍ ആന്‍ഡ് സ്വാസരി’എന്നു പേരിട്ടിരിക്കുന്ന പുതിയ മരുന്ന് ഗവേഷണം നടത്തിയാണ് വികസിപ്പിച്ചതെന്നും രാജ്യത്തെ 280 രോഗികളില്‍ പരീക്ഷിച്ചു വിജയിച്ചെന്നുമാണ് പതഞ്ജലി സ്ഥാപകന്‍ ബാബാ രാംദേവ് മാദ്ധ്യമങ്ങളോടു പറഞ്ഞത്. ഏത് ആശുപത്രിയിലാണ് പരീക്ഷണം നടത്തിയത്, ഗവേഷണ ഫലം എന്ത്, ഇന്‍സ്റ്റിറ്റ്യൂഷണല്‍ എത്തിക്സ് കമ്മിറ്റിയുടെ അനുമതി കമ്ബനി നേടിയിട്ടുണ്ടോ, ക്ലിനിക്കല്‍ പരിശോധനയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ, മരുന്നു തയ്യാറാക്കിയതിന്റെ വിശദീകരണം, ലൈസന്‍സിന്റെ പകര്‍പ്പ് തുടങ്ങിയ കാര്യങ്ങള്‍ നല്‍കണമെന്ന് ആയുഷ് മന്ത്രാലയം പതഞ്ജലിയോട് ആവശ്യപ്പെട്ടിരുന്നു.



By onemaly