Mon. Nov 30th, 2020




കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവ മോഡലിന്‍റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ പുറത്ത്. പ്രതികള്‍ സ്വര്‍ണ്ണക്കടത്തിന് പ്രേരിപ്പിച്ചതായി യുവ മോഡല്‍ വെളിപ്പെടുത്തി. സ്വര്‍ണ്ണക്കടത്ത് വാഹനങ്ങള്‍ക്ക് എസ്കോട്ട് പോകാന്‍ തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു. ചിത്രീകരണത്തിനെന്ന് പറഞ്ഞ് പാലക്കാട്ടേക്ക് വിളിച്ച്‌ വരുത്തിയ ശേഷം തട്ടിപ്പ് സംഘം തന്നെ തടവില്‍ പാര്‍പ്പിച്ചുവെന്നും യുവ മോഡല്‍ വെളിപ്പെടുത്തി.

സ്വര്‍ണ്ണക്കടത്തിന് ആഡംബര വാഹനങ്ങളില്‍ എസ്കോട്ട് പോകാന്‍ തട്ടിപ്പ് സംഘം ആവശ്യപ്പെട്ടുവെന്നാണ് യുവ മോഡലിന്‍റെ വെളിപ്പെടുത്തല്‍. എന്നാല്‍ അതിന് താന്‍ വഴങ്ങിയില്ലെന്നും തുടര്‍ന്ന്, എട്ട് ദിവസം ഭക്ഷണം നല്‍കാതെ തടവില്‍ പാര്‍പ്പിച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു.

സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. എട്ട് യുവതികളാണ് അവിടെ ഉണ്ടായിരുന്നതെന്നും പരാതിക്കാരി വെളിപ്പെടുത്തി. മാര്‍ച്ച്‌ മാസത്തിലാണ് സംഭവം നടന്നത്. പുറത്തിറങ്ങിയ അന്ന് തന്നെ സുഹൃത്ത് വഴി കൊച്ചി നോര്‍ത്ത് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെന്നും മോഡല്‍ പറയുന്നു.

അതേസമയം, കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിന് ഡിസിപി മേല്‍നോട്ടം വഹിക്കും. അന്വേഷണത്തിന്‍റെ ഭാഗമായി പരാതിക്കാരുടെ മൊഴിയെടുക്കും. പരാതി നല്‍കിയിട്ടും അന്വേഷിച്ചില്ലെന്ന ആക്ഷേപം പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.



By onemaly