June 27, 2022തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് ബാധിച്ച മരിച്ച മലയാളികളുടെയെല്ലാം ചിത്രം മുന്‍പേജില്‍ പ്രസിദ്ധീകരിച്ച പ്രമുഖ പത്രത്തിനെതിരെ മുഖ്യമന്ത്രി. ഇതിന് മറുപടി ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി എന്തു തരം മനോനിലയാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നവരുടേതെന്ന് നാമെല്ലാം ചിന്തിക്കണമെന്ന് ആവശ്യപ്പെട്ടു.

‘പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇനിയുമെത്ര മരിക്കണം’ എന്ന തലക്കെട്ടുമായാണ് മാധ്യമം ദിനപത്രം മരിച്ച കേരളീയരുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. ‘ഭരണകൂടങ്ങള്‍ അനാസ്ഥ തുടര്‍ന്നാല്‍, നാം ഇനിയും നിശബ്ദരായിരുന്നാല്‍ കൂടുതല്‍ മുഖങ്ങള്‍ ചേര്‍ക്കപ്പെടും’ എന്നാണ് പത്രത്തിലെ വാചകം. നേരത്തെ ന്യൂയോര്‍ക്ക് ടൈംസ് അമേരിക്കയില്‍ കോവിഡ് വ്യാപിക്കുന്ന സമയത്ത് ഇത്തരത്തില്‍ രാജ്യത്ത് മരിച്ചവരുടെ പേരുകള്‍ മുന്‍പേജില്‍ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. ഇതേ മാതൃകയിലാണ് മാധ്യമവും ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്.

“ഒരുകാര്യം ഓര്‍ക്കേണ്ടതുണ്ട്. ഈ രാജ്യങ്ങളിലെല്ലാം കേരളീയര്‍ ഇപ്പോഴും ജീവിക്കുന്നുണ്ട്. അവര്‍ അവിടെ തുടരുകയും വേണ്ടവരാണ്. ഈ രാജ്യങ്ങളില്‍ കേരളീയര്‍ അരക്ഷിതരാണ് എന്ന് പ്രചരിപ്പിക്കുമ്ബോള്‍ അവിടെ ജീവിക്കുന്നവരെക്കുറിച്ച്‌ ഓര്‍ത്തിട്ടുണ്ടോ? അവരെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? കുത്തിത്തിരിപ്പിനൊക്കെ ഒരു അതിരുവേണം കേട്ടോ,” മുഖ്യമന്ത്രി പറഞ്ഞു.

ആരുടെയെങ്കിലും അനാസ്ഥ കൊണ്ടോ അശ്രദ്ധ കൊണ്ടോ ആണോ ഈ മരണങ്ങള്‍ സംഭവിച്ചതെന്ന് മുഖ്യമന്ത്രി ചോദിച്ചു. വിദേശ രാജ്യങ്ങളില്‍ രോഗബാധിതരായ കേരളീയരെയാകെ ഇങ്ങോട്ടു കൊണ്ടുവരാന്‍ കഴിയുമായിരുന്നോ? ഇന്നാട്ടില്‍ വിമാനങ്ങളും ഇതര യാത്രാമാര്‍ഗങ്ങളുമില്ലാത്ത ലോക്ക്ഡൗണ്‍ ആയിരുന്നു കഴിഞ്ഞ നാളുകളിലെഎന്ന് ഇവര്‍ക്ക് ബോധ്യമില്ലേയെന്നും അദ്ദേഹം ചോദിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള പത്രസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

മരിച്ചുവീഴുന്ന ഓരോരുത്തരും ഈ നാടിന് പ്രിയപ്പെട്ടവരാണ്. അവരുടെ വേര്‍പാട് വേദനാജനകവുമാണ്. കേരളത്തിലേക്കുള്ള യാത്ര മുടങ്ങിയതുകൊണ്ട് മരിച്ചവരല്ല അവരാരും. ഓരോ നാട്ടിലും ലഭ്യമായ ചികിത്സാസൗകര്യങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നുമുണ്ട്. അതിന്‍റെ പേരില്‍ സങ്കുചിത ലക്ഷ്യത്തോടെ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നത് കോവിഡിനേക്കാള്‍ അപകടകാരിയായ രോഗബാധയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വിദേശരാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്ക് സ്ക്രീനിങ് നിര്‍ബന്ധമാക്കണമെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍ അതിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണവുമായാണ് ചിലര്‍ ഇറങ്ങിയത്. പ്രവാസികളെ പ്രകോപിപ്പിക്കാനും സര്‍ക്കാരിനെതിരെ രോഷം സൃഷ്ടിക്കാനും ശ്രമമുണ്ടായി. ഒരുകാര്യം തുടക്കത്തിലേ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. താല്‍പ്പര്യമുള്ള പ്രവാസികളെയാകെ കേരളത്തിലേക്ക് സ്വാഗതം ചെയ്യും, അതിനുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കും. ആ പ്രഖ്യാപിത നിലപാടില്‍നിന്ന് ഒരു ഘട്ടത്തിലും സര്‍ക്കാര്‍ പിറക്കോട്ടു പോയിട്ടില്ല. ഈ നിമിഷം വരെ കേരള സര്‍ക്കാര്‍ ഒരു വിമാനത്തിന്‍റെ യാത്രയും മുടക്കിയിട്ടില്ല. ഒരാളുടെ വരവിനെയും തടഞ്ഞിട്ടില്ല.

ചൊവ്വാഴ്ച നടന്ന വാര്‍ത്തസമ്മേളനത്തിനിടയിലും മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചിരുന്നു. വേണ്ടാത്ത കാര്യങ്ങള്‍ക്ക് വക്കാലത്തെടുക്കാന്‍ നില്‍ക്കേണ്ടെന്നാണ് മാധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരായ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ പഴയ ചില വിവാദ പ്രയോഗങ്ങള്‍ സംബന്ധിച്ച്‌ ചോദ്യമുയര്‍ന്നപ്പോഴായിരുന്നു ഈ മറുപടി.