Mon. Sep 28th, 2020




കൊച്ചി: പ്ലാനെറ്റ് റോമിയോ എന്ന അശ്ലീല വെബ്സൈറ്റില്‍ നിന്നാണ് കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡൗണ്‍ ലോഡ് ചെയ്ത് വാട്ട്സാപ്പില്‍ പ്രചരിപ്പിക്കുന്നതെന്ന് കഴിഞ്ഞ ദിവസം തൃശൂരില്‍ നിന്നും കൊച്ചി പൊലീസ് പിടികൂടിയ വാട്ട്സാപ്പ് ഗ്രൂപ്പ് അഡ്‌മിന്മാര്‍ വെളിപ്പെടുത്തി. ഫ്രണ്ട്സ് എന്ന വാട്ട്സാപ്പ് ഗ്രൂപ്പിന്റെ അഡ്‌മിന്‍ ചേര്‍ത്തല അര്‍ത്തുങ്കല്‍ പുത്തന്‍പുരക്കല്‍ വീട്ടില്‍ കിരണ്‍ എന്ന പി.ബി. മാനുവല്‍ (23) ഗ്രൂപ്പ് അംഗം തൃശ്ശൂര്‍ ദേശമംഗലം കൂട്ടുപാത സുരേഷ്നിവാസില്‍ എന്‍.കെ. സുരേഷ് (55) എന്നിവരാണ് ഇക്കാര്യം കൊച്ചി പൊലീസിനോട് പറഞ്ഞത്.

പ്രതിദിനം ആയിരത്തിലേറെ വീഡിയോകളാണ് പ്ലാനെറ്റ് റോമിയോ എന്ന വെബ് സൈറ്റ് പ്ലാറ്റ്‌ഫോമില്‍ നിന്നും ഇവര്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നത്. ഈ വീഡിയോകള്‍ ഷെയര്‍ ചെയ്യുന്നതിനു വേണ്ടി മാത്രമാണ് കിരണ്‍ ഫ്രണ്ട്‌സ് എന്ന പേരില്‍ നിരവധി വാട്‌സ്‌അപ്പ് ഗ്രൂപ്പുകളും ഇരുവരും ചേര്‍ന്നു സൃഷ്ടിച്ചത്. ഈ ഗ്രൂപ്പുകള്‍ വഴിയാണ് നിരന്തരം കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രതികള്‍ ഷെയര്‍ ചെയ്തിരുന്നത്. ഇത് ശ്രദ്ധയില്‍പെട്ട പൊലീസ് ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലയിരുന്നു.

ഇതിനിടയില്‍ പ്ലാനെറ്റ് റോമിയോ എന്ന വെബ് സൈറ്റില്‍ നിന്നാണ് വീഡിയോ വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇന്റര്‍ പോളിന്റെ സഹായത്തോടെ പ്ലാനറ്റ് റോമിയോ ഗ്രൂപ്പില്‍ നിന്നും അശ്ലീല വീഡിയോ ഡൗണ്‍ ലോഡ് ചെയ്യുന്ന പ്രതികളുടെ ഐപി വിലാസം കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചി സിറ്റി പൊലീസിനു ലഭിച്ചു. കുട്ടികളുടെ അശ്ലീല വീഡിയോകളും, കുട്ടികളെ ബലാത്സംഗം ചെയ്യുന്ന വീഡിയോകളുമാണ് പ്ലാനറ്റ് റോമിയോ എന്ന ഗ്രൂപ്പില്‍ പ്രചരിപ്പിച്ചിരുന്നത്. ഇതു തന്നെയായിരുന്നു ഇന്റര്‍പോളിന്റെ അന്വേഷണത്തിലും കണ്ടെത്തിയത്.

ഈ ഐപി വിലാസങ്ങളെ പിന്‍തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കൊച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന 13 അശ്ലീല വാട്ട്‌സ് അപ്പ് ഗ്രൂപ്പുകളുടെ വിവരം ലഭിച്ചത്. ഇതോടെ കൊച്ചിയിലെ സൈബര്‍ സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥര്‍ ഈ ഗ്രൂപ്പിലേയ്ക്കു അംഗങ്ങളായി കയറി. പ്രതികളാക്കപ്പെട്ടവരുടെ സുഹൃത്തുക്കള്‍ വഴിയാണ് ഈ അശ്ലീല വാട്‌സ്‌അപ്പ് ഗ്രൂപ്പുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കയറിപ്പറ്റിയത്. തുടര്‍ന്നു കൃത്യമായ തെളിവുകള്‍ ശേഖരിക്കുകയും ഗ്രൂപ്പംഗങ്ങളുടെയും അഡ്‌മിന്മാരടെയും വിശദവിവരങ്ങളും കണ്ടെത്തി. തുടര്‍ന്നാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുന്ന നിരവധി വാട്സ്‌ആപ്പ് ഗ്രൂപ്പുകളില്‍ അംഗമായ സുരേഷിന്റെ നിര്‍ദേശപ്രകാരമാണ് ഫ്രണ്ട്സ് എന്ന പേരിലുള്ള വാട്സ്‌ആപ്പ് ഗ്രൂപ്പ് ഒന്നര വര്‍ഷം മുമ്ബ് മാനുവല്‍ രൂപീകരിച്ചത്. ഇരുവര്‍ക്കും പുറമേയുള്ള മറ്റ് അഡ്‌മിന്മാരെയും ഗ്രൂപ്പിലെ അംഗങ്ങളെയും പൊലീസ് അന്വേഷിച്ചു വരികയാണ്.ഗ്രൂപ്പില്‍ അംഗങ്ങളായ എല്ലാവരുടെയും വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ സംഘത്തിലെ മറ്റ് അഡ്‌മിന്മാരെയും പൊലീസ് തിരയുന്നുണ്ട്. സമാനമായ പല ഗ്രൂപ്പുകളിലും ഇവര്‍ അംഗങ്ങളായി കുട്ടികളെ ഉപദ്രവിക്കാന്‍ പ്രേരണ നല്‍കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.

ഇവര്‍ അംഗങ്ങളായ മറ്റ് ഗ്രൂപ്പുകളും, സമാന രീതിയില്‍ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുന്ന മറ്റ് ഗ്രൂപ്പുകളും പൊലീസ് നിരീക്ഷിക്കുകയാണ്. പ്ലാനറ്റ് റോമിയോ എന്ന വെബ്സൈറ്റില്‍ നിന്നാണ് സമാനസ്വഭാവമുള്ള വ്യക്തികളെ കണ്ടെത്തി അവരെ അംഗങ്ങളാക്കി ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നതെന്നാണ് വിവരം. കൊച്ചി സൈബര്‍ ഡോമിനേയും, കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെയും സഹായത്തോടെ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെയുടെ നിര്‍ദ്ദേശാനുസരണം എറണാകുളം എ.സി.പി. കെ. ലാല്‍ജിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. സെന്‍ട്രല്‍ ഇന്‍സ്പെക്ടര്‍ എസ്. വിജയശങ്കര്‍, എസ്‌ഐ.മാരായ വിപിന്‍ കുമാര്‍, കെ.എസ്. തോമസ്, എബി, മനോജ്, എഎസ്‌ഐ. ഷാജി, സീനിയര്‍ സി.പിഓമാരായ അനീഷ്, രഞ്ജിത്ത്, ഇഗ്നേഷ്യസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 




By onemaly