എക്‌സൈസ് ഉദ്യോഗസ്ഥന്‍ സുനിലിന്റെ സമ്ബര്‍ക്ക പട്ടിക വിപുലം; കണ്ണൂരിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി ഇ പി ജയരാജന്‍ – Sreekandapuram Online News-
Sun. Sep 27th, 2020
കണ്ണൂര്‍: കോവിഡ്-19 ബാധിച്ച്‌ കണ്ണൂരില്‍ മരിച്ച എക്സൈസ് ജീവനക്കാരന്റെ സമ്ബര്‍ക്കപ്പട്ടിക വിപുലമാണെന്ന് മന്ത്രി ഇ.പി.ജയരാജന്‍. മരണകാരണത്തെക്കുറിച്ച്‌ പ്രത്യേകം അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ ഇതുവരെ സമൂഹവ്യാപനം ഇല്ല. പക്ഷേ ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമാണ്. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

ഇന്നലെയാണ് എക്സൈസ് ഡ്രൈവര്‍ കെ.പി.സുനില്‍ (28) കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇയാള്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്നു കണ്ടെത്താനായിട്ടില്ല. പനിയും ശ്വാസതടസ്സവും മൂലം സുനിലിനെ 13നു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നില വഷളായതോടെ പരിയാരം മെഡിക്കല്‍ കോളേജിലേക്കു മാറ്റി. 16 നാണ് ഇയാള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

കണ്ണൂരില്‍ ഇന്നലെ നാല് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നും എത്തിയവരാണ് രോഗം സ്ഥിരീകരിച്ച നാലു പേരും. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 324 ആയി. ഇന്നലെ നാലു പേര്‍ കൂടി രോഗമുക്തരായതോടെ ജില്ലയില്‍ കോവിഡ് ഭേദമായവരുടെ എണ്ണം 204 ആയി. നിലവില്‍ ജില്ലയില്‍ 14090 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 65 പേരും കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 91 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 19 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 22 പേരും വീടുകളില്‍ 13893 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

സമ്ബര്‍ക്കം മൂലം കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ രോഗ വ്യാപനം തടയുന്നതിനായി കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഒരു ഭാഗം അടച്ചിട്ടു. കോര്‍പറേഷന്റെ 5, 11, 45, 46, 47, 48, 49, 50, 51, 52, 53 എന്നീ ഡിവിഷനുകളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളാണ് അടച്ചത്. കണ്ണൂര്‍ നഗരത്തില്‍ നിന്നും തലശ്ശേരി ഭാഗത്തേക്ക് താണ വരെയും തളിപ്പറമ്ബ് ഭാഗത്തേക്ക് പള്ളിക്കുന്ന് വരെയും ചാലോട് ഭാഗത്തേക്ക് കുഴിക്കുന്ന് വരെയും ജില്ലാ ആശുപത്രി ഭാഗത്തേക്ക് പ്രഭാത് ജങ്ഷന്‍ വരെയും കക്കാട് ഭാഗത്തേക്ക് കോര്‍ജാന്‍ സ്‌കൂള്‍ വരെയും തായത്തെരു ഭാഗത്തേക്ക് റെയില്‍വെ അണ്ടര്‍ പാസ് വരെയുമുള്ള പ്രദേശങ്ങളും അടച്ചിടും.

ജില്ലയില്‍ മെഡിക്കല്‍ ഷോപ്പ് ഒഴികെയുള്ള സ്ഥാപനങ്ങള്‍ തുറക്കുന്നതിന് വിലക്കുണ്ടാകും. കൊറോണ പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചുമതലകളില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍, ഓഫീസുകള്‍ എന്നിവയെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പിഎസ്‌സി പരീക്ഷ, ഇന്റര്‍വ്യൂ, എസ്‌എസ്‌എല്‍സി, പ്ലസ്ടു മൂല്യ നിര്‍ണയ ക്യാമ്ബുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുള്ള അധ്യാപകര്‍, ജീവനക്കാര്‍, യൂണിവേഴ്സിറ്റിയിലെ പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുമായി ബന്ധപ്പെട്ട ജീവനക്കാര്‍, കൊറോണ കെയര്‍ സെന്ററിലേക്ക് ആവശ്യമായ ഭക്ഷണം വിതരണം ചെയ്യുന്നവര്‍ എന്നിവരെയും നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദേശീയപാത വഴിയുള്ള ഗതാഗതത്തിനും തടസ്സമുണ്ടാകില്ല.
By onemaly