Thu. Oct 1st, 2020




പുതുച്ചേരി > വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കോവിഡ് ഇല്ലെന്നുള്ള സര്‍ട്ടിഫിക്കറ്റുണ്ടാകണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി. കോവിഡ് ഇല്ലാത്തവരെമാത്രമേ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കൂ. പുതുച്ചേരിയില്‍ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വിദഗ്ധരുടെ നിര്‍ദേശംകൂടി പരിഗണിച്ചാണ് സംസ്ഥാനം നിലപാട് കടുപ്പിച്ചത്. പുതുച്ചേരിയുടെ അതിര്‍ത്തിയായ കടലൂര്‍, വില്ലുപുരം എന്നിവിടങ്ങള്‍ സീല്‍ചെയ്തു. ചികിത്സയ്ക്കുമാത്രമേ തമിഴ്നാട്ടില്‍നിന്നുള്ളവരെ പ്രവേശിപ്പിക്കൂ. ചെന്നൈയില്‍നിന്നുള്ള ഇ–- പാസ് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിദേശത്തുനിന്നും തമിഴ്നാട്ടില്‍നിന്നും എത്തുന്നവരാണ് പുതുച്ചേരിയില്‍ കോവിഡ് വ്യാപനത്തിനിടയാക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അന്തര്‍ സംസ്ഥാന അതിര്‍ത്തികളില്‍ നിരീക്ഷണം കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ് എന്തു പറയും?

വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കോവിഡ് ഇല്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലപാട് കേരളത്തില്‍ സമരത്തിനൊരുങ്ങുന്ന കോണ്‍ഗ്രസിന് തിരിച്ചടിയാണ്. മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നടത്തി രോഗമുള്ളവരെയും ഇല്ലാത്തവരെയും പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കണമെന്നാണ് കേരളത്തിന്റെ നിലപാട്. എന്നാല്‍, കോണ്‍ഗ്രസ് ഭരിക്കുന്ന പുതുച്ചേരിയാകട്ടെ കോവിഡില്ലാ സര്‍ട്ടിഫിക്കറ്റുള്ളവരെമാത്രമേ അതിര്‍ത്തി കടത്തൂവെന്ന് പറയുന്നു. പ്രവാസികളുടെപേരില്‍ കണ്ണീരൊഴുക്കുന്ന കോണ്‍ഗ്രസിന്റെ കാപട്യമാണ് ഇതിലൂടെ തെളിയുന്നത്.




By onemaly