Mon. Sep 28th, 2020




ഇരിക്കൂര്‍: കഴിഞ്ഞ പ്രളയകാലത്ത് വന്‍നാശം നേരിട്ട ഇരിക്കൂര്‍ വീണ്ടുമൊരു പ്രളയ ഭീഷണിയില്‍. ഇരിക്കൂറില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുമ്ബോള്‍ പാലത്തിന് തെക്ക് ഭാഗത്ത് ഒന്നര കിലോമീറ്ററോളം നീളത്തില്‍ പഞ്ചായത്ത് പുഴ മണ്ണിട്ട് നികത്തിയത് നാടിനെ വീണ്ടും വെള്ളത്തിലാക്കുമെന്നാണ് പരാതി. മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തില്‍, ഒരു വിഭാഗം ലീഗ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും എതിര്‍പ്പ് പോലും വകവെക്കാതെയാണ് പഞ്ചായത്ത് ഭരണസമിതി പുഴ നികത്തിയതെന്നും ആരോപണമുണ്ട്.

പുഴയോരത്ത് സ്വകാര്യ വ്യക്തികള്‍ പണിതുവരുന്ന കെട്ടിടങ്ങളിലേക്ക് റോഡ് വെട്ടാനും പാര്‍ക്കിംഗ് സൗകര്യത്തിനും വേണ്ടിയാണ് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച്‌ നികത്തല്‍ നടത്തിയതെന്നും പറയുന്നു. പുഴ നികത്തിയതോടെ അപകടാവസ്ഥയിലുള്ള പാലത്തിനും വന്‍ ഭീഷണിയാണ് ഉള്ളത്.

കാര്‍ഷിക വിളകളുടെ വില തകര്‍ച്ചയോടെ ഇരിക്കൂറില്‍ സജീവമായിരുന്ന മലഞ്ചരക്ക് വിപണി നിശബ്ദമാണ്. ഇതിനിടെയിലാണ് രണ്ടു പ്രളയം ഇരച്ചെത്തിയത്. ഇനി മൂന്നാമതൊന്ന്കൂടി താങ്ങാനുള്ള ശേഷി ഇരിക്കൂറിനില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ പ്രളയത്തില്‍ ഇരിക്കൂര്‍ നഗരവും പാലവും പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരുന്നു.

പാഠം പഠിക്കാതെ

പ്രളയത്തില്‍ നശിച്ച കടമ്ബോളങ്ങള്‍ വീണ്ടും സജീവമാകുമ്ബോഴേക്കും കൊവിഡ് ലോക്ക് ഡൗണ്‍ എത്തി. ഇതോടെ കാര്യങ്ങള്‍ വന്‍ തകര്‍ച്ചയുടെ വക്കിലെത്തിയെന്ന് വ്യാപാരികള്‍ പറയുന്നു. എന്നാല്‍ പ്രളയത്തില്‍ നിന്നും യാതൊരു പാഠവും പഠിക്കാത്ത മട്ടില്‍ ഇരിക്കൂര്‍ പുഴ വ്യാപകമായി കൈയേറി വരുമ്ബോള്‍ അധികൃതര്‍ക്ക് കുലുക്കമില്ല. പഞ്ചായത്ത് അധികൃതര്‍ ഇതിനായി ഒത്താശ ചെയ്യുന്നു എന്നാണ് പ്രതിപക്ഷമായ എല്‍.ഡി.എഫിന്റെ ആരോപണം.

നികത്താന്‍ തൊഴിലുറപ്പ്

ദേശീയ തൊഴിലുറപ്പ് പദ്ധതി ഫണ്ട് വകമാറ്റിയാണ് പുഴ നികത്താനുള്ള പണം കണ്ടെത്തിയത് എന്നുള്ള ആരോപണവും ഉയരുന്നുണ്ട്. നീരൊഴുക്ക് കുറഞ്ഞതു കാരണം പുഴയില്‍ കുറ്റിക്കാടുകള്‍ വളരുകയും പുഴയുടെ ആഴം കുറയുകയും ചെയ്തു. കാലവര്‍ഷത്തിന് മുന്‍പ് ബാവലിയടക്കമുള്ള പുഴകളില്‍ ശുചീകരണം നടന്നെങ്കിലും ഇരിക്കൂറില്‍ അതുണ്ടായില്ല.

മിണ്ടാതെ റവന്യൂ വിഭാഗം

പുഴ കൈയേറ്റം ശരിവച്ച്‌ വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് തഹസില്‍ദാര്‍ക്ക് നല്‍കി എങ്കിലും നടപടി എടുക്കാതെ റവന്യൂ അധികൃതര്‍ മൗനം പാലിക്കുകയാണ്. പുഴ ഭിത്തി നിര്‍മ്മിക്കാനാണ് പുഴയില്‍ മണ്ണിട്ടത് എന്നാണ് പഞ്ചായത്തിന്റെ ന്യായം. ഒരു വിഭാഗം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി, റവന്യൂ മന്ത്രി, കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

മറ്റൊരു ദുരന്തംകൂടി ക്ഷണിച്ചുവരുത്തുന്ന പുഴ നികത്തിലിനെതിരെ അന്വേഷണം വേണം. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള പണം പുഴ നികത്താന്‍ വകമാറ്റിയ സംഭവത്തില്‍ വിജിലന്‍സും അന്വേഷിക്കണം.

ബാബുരാജ്, സി.പി.എം ഇരിക്കൂര്‍ ലോക്കല്‍ സെക്രട്ടറി




By onemaly