Tue. Oct 27th, 2020




പുതിയൊരു ഫീച്ചര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാനുള്ള തയാറെടുപ്പിലാണ് ജനപ്രിയ മെസെഞ്ചര്‍ സേവനമായ വാട്സാപ്പ്. ചാറ്റ് വിന്‍ഡോയില്‍ പുതിയൊരു സെര്‍ച്ച്‌ ഓപ്ഷന്‍ കൂടി ഇനി ഉപഭോക്താക്കള്‍ക്ക് കാണാനാകും. ഇവിടെ ഡേറ്റ് അടിസ്ഥാനത്തില്‍ മെസേജുകള്‍ തെരയാന്‍ സാധിക്കും. ഇത് പരീക്ഷണ ഘട്ടത്തിലാണ്. അതുകൊണ്ടു ഉടന്‍ ഇത് ഫോണില്‍ പരീക്ഷിച്ചുനോക്കേണ്ട.

ജോലി സ്ഥലങ്ങളിലടക്കം കൂടുതല്‍ സമയം വാട്സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ ഏറെ സഹായകമാകും. ഐഒഎസ് വെര്‍ഷനില്‍ ഇത് വിജയകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഔദ്യോഗികമായി ഫീച്ചര്‍ അവതരിപ്പിക്കുമ്ബോള്‍ ഇത് ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളില്‍ കൂടി ലഭ്യമാകും.

നിലവില്‍ തന്നെ വാട്സാപ്പില്‍ സെര്‍ച്ച്‌ സംവിധാനം ഉണ്ട്. എന്നാല്‍ ഇത് വാക്കുകള്‍ നല്‍കി കണ്ടെത്തുന്ന രീതിയിലുള്ളതാണ്. പുതിയ ഫീച്ചര്‍ വരുന്നതോടെ ചാറ്റ് വിന്‍ഡോയില്‍ ഡേറ്റ് നല്‍കി, പ്രത്യേക ദിവസത്തെ മെസേജുകള്‍ കണ്ടെത്താനാകും. ദിവസവും മണിക്കൂറുകള്‍ വാട്സാപ്പ് ഉപയോഗിക്കുന്നവര്‍ക്കും ജോലിയുമായി ബന്ധപ്പെട്ട് വാട്സാപ്പ് ഉപയോഗിക്കുന്നവര്‍ക്കും പഴയ മെസേജുകള്‍ കണ്ടെത്തുക എന്നത് നിലവില്‍ പ്രയാസമേറിയതാണ്. പുതിയ ഫീച്ചര്‍ ഇത്തരക്കാര്‍ക്കാകും ഏറെ ഗുണം ചെയ്യുക.

പുതിയ ചില ഫീച്ചറുകള്‍ കൂടി വാട്സാപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഒരു ഫോണിലോ, ടാബ്ലറ്റിലോ ആണ് വാട്‌സാപ്പ് ഒരു സമയം ലോഗിന്‍ ചെയ്യാന്‍ പറ്റുക. ഇതിനൊപ്പം ബ്രൗസറിലോ ഡെസ്ക്ടോപ്പ് ആപ്പിലോ വാട്സാപ്പ് വെബ് പതിപ്പും ഉപയോഗിക്കാം. എന്നാല്‍ ഒന്നിലധികം ഫോണുകളിലോ ടാബുകളിലോ ഒരേസമയം ലോഗിന്‍ ചെയ്യാനുള്ള ഫീച്ചര്‍ വാട്സാപ്പ് പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഒന്നിലധികം ഫോണുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറാണിത്.




By onemaly