ടി.പി വധക്കേസില്‍ പ്രതിയായിരുന്ന പി.കെ കുഞ്ഞനന്തന്‍ അന്തരിച്ചു – Sreekandapuram Online News-
Sat. Sep 19th, 2020




തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായിരുന്ന പി.കെ കുഞ്ഞനന്തന്‍ (73) അന്തരിച്ചു. സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗമായിരുന്നു. ടി.പി കേസിലെ പതിമൂന്നാം പ്രതിയായിരുന്ന കുഞ്ഞനന്തന്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ ജയിലിലായിരുന്നു. ഇതിനിടെ ജാമ്യത്തിലിറങ്ങിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടിയത്. അണുബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതോടെയാണ് മരണം സംഭവിച്ചത്.

അടുത്തിടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഇദ്ദേഹത്തിന് വിദഗ്ധ ചികിത്സയ്ക്കായി ജാമ്യം അനുവദിച്ചിരുന്നു. ജീവപര്യന്തം തടവ് ശിക്ഷ മൂന്ന് മാസം മരവിപ്പിച്ച്‌ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കുഞ്ഞനന്തന് വിദഗ്ധ ചികില്‍സ ആവശ്യമുണ്ടെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി. 2014 ജനുവരിയിലാണ് ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനകേസില്‍ കുഞ്ഞനന്തനെ വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. 2012 ജൂലൈ 23നാണ് കുഞ്ഞനന്തന്‍ കീഴടങ്ങിയത്.

ആരോഗ്യ കാരണങ്ങളാല്‍ ടി.പി. വധക്കേസിലെ തടവുശിക്ഷ മരവിപ്പിച്ച്‌ ജാമ്യം അനുവദിക്കണമെന്ന പി.കെ. കുഞ്ഞനന്തന്റെ ഹരജിയില്‍ നേരത്തെ ഹൈകോടതി മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു. കുഞ്ഞനന്തന് ചികിത്സ ആവശ്യമാണെന്ന് വ്യക്തമാക്കി ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടുള്ളതായി സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു ഇക്കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനംകൂടി തേടിയിരുന്നത്.
ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് മാത്രം ആധാരമാക്കി നടപടി പാടില്ലെന്നും മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടും പരിഗണിക്കണമെന്ന് ടി.പി. വധക്കേസിലെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.




By onemaly