കൂത്തുപറമ്ബില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കഞ്ചാവ് തോട്ടം വളര്‍ത്തിയത് നൂറോളം ചെടികള്‍ – Sreekandapuram Online News-
Sun. Sep 27th, 2020
കൂത്തുപറമ്ബ്: ടൗണിന് സമീപം എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ കഞ്ചാവ് ചെടികളുടെ തോട്ടം കണ്ടെത്തി നശിപ്പിച്ചു. സ്റ്റേഡിയത്തിന് സമീപം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്സിന് പിന്നില്‍ നട്ടുവളര്‍ത്തിയ നിലായിലായിരുന്നു നൂറോളം കഞ്ചാവ് ചെടികള്‍. സംഭവത്തില്‍ ആസം സ്വദേശി കുര്‍ഷിദ് ആലത്തെ (40) എക്സൈസ് അറസ്റ്റ് ചെയ്തു.

എക്സൈസ് കമ്മിഷണര്‍ സ്ക്വാഡിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വന്‍തോതിലുള്ള കഞ്ചാവ് കൃഷി കണ്ടെത്തിയത്. പൊലീസ് ക്വാര്‍ട്ടേഴ്സിനു സമീപത്താണ് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സ്. ഒരു മീറ്ററോളം ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന ചെടികള്‍ക്ക് നാലു മാസത്തിലേറെ പ്രായമുണ്ട്. ക്വാര്‍ട്ടേഴ്സിന് പിന്നില്‍ കാട് പിടിച്ച്‌ കിടന്നിരുന്ന സ്ഥലം ശുചീകരിച്ചാണ് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയിരുന്നത്.

കൃത്യമായി പരിപാലിച്ചതിനാല്‍ സമൃദ്ധമായി വളര്‍ന്ന നിലയിലായിരുന്നു കഞ്ചാവ് ചെടികള്‍. വിദഗ്ദ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ ചെടികള്‍ പരിശോധിച്ച ശേഷം നശിപ്പിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ പി.കെ. സുരേഷ്, അസി. എക്സൈസ് കമ്മിഷണര്‍ കെ.എസ്. ഷാജി, കൂത്തുപറമ്ബ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ. സതീശ് കുമാര്‍, ഇന്‍സ്പെക്ടര്‍ കെ.പി. പ്രമോദ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കഞ്ചാവ് ചെടികള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ശക്തമാക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ പി.കെ. സുരേഷ് പറഞ്ഞു.

പുറത്ത് ജോലിക്ക് പോയിരുന്ന പ്രതിയെ സമര്‍ത്ഥമായാണ് എക്സൈസ് പിടികൂടിയത്. പ്രതിയെ സ്ഥലത്തെത്തിച്ച്‌ തെളിവെടുത്തു.
By onemaly