
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കൊറോണ വാര്‍ഡില്‍ ആത്മഹത്യാ ശ്രമം നടത്തിയ നെടുമങ്ങാട് സ്വദേശി മുരുകേശന് മരണമടഞ്ഞു. ഇന്ന് വൈകുന്നേരമാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കോറോണ ബാധ സംശയിച്ച് മുരുകേശനെ ഇന്നലെയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇന്ന് വൈകുന്നേരം ഐസൊലേഷന്‍ മുറിയില്‍ ഉടുമുണ്ട് ഫാനില്‍ കെട്ടി തൂങ്ങിയ നിലയില്‍ ഇയാളെ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.
രാവിലെ മരിച്ച ആനാട് സ്വദേശിയെപ്പോലെ ഇയാളും മദ്യപാനത്തിന് അടിമയാണെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ അയാള്‍ക്ക് അതിന്റെതായ രീതിയിലുള്ള അസ്വസ്ഥതകള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് രാവിലെ 11:30 നാണ് ആനാട് സ്വദേശിയായ മുപ്പത്തിമൂന്നുകാരന് തൂങ്ങിമരിച്ചത്. ഇയാളെയും ഐസൊലേഷന്‍ മുറിയില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഇയാളെ രക്ഷിക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. ഇയാള്‍ ഇന്നലെ ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് മുങ്ങിയിരുന്നു.