
തളിപ്പറമ്പ്: ഏഴുവയസുകാരനെ ക്രൂരമായി പീഡിപ്പിച്ച തമിഴ്നാട് സ്വദേശിയെ തളിപ്പറമ്പ് സി ഐ എല്‍.കെ.സത്യനാഥന്, എസ് ഐ പി.സി.സഞ്ജയ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തു.
തമിഴ് നാട് അരിയല്ലൂര്‍ ജില്ലയിലെ ഒടയാര്പാളയം താലൂക്കില്‍പെട്ട കല്ലത്തൂരിലെ എ.വേലുസ്വാമിയെയാണ് പോക്സോ നിയമപ്രകാരം ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്.
പ്രതിയെ ഇന്ന് ഉച്ചക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ഏഴിനായിരുന്നു സംഭവം നടന്നത്.
വേലുസ്വാമിയുടെ തൊട്ടടുത്ത ക്വാര്‍ട്ടേഴ്സില്‍ താമസിക്കുകയായിരുന്ന കുട്ടിയെ മലദ്വാരത്തില്‍ നിന്ന് രക്തം വാര്‍ന്നൊഴുകിയ നിലയില്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ചൈല്‍ഡ്ലൈനിന്റെ പരാതിപ്രകാരമാണ് കേസ്.
കാക്കാഞ്ചാലില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന വേലുസ്വാമി കഴിഞ്ഞ ഏഴിന് ഉച്ചയോടെയാണ് കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഉപയോഗിച്ചത്.
നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ച വേലുസ്വാമിയെ പോലീസ് വിട്ടയച്ചത് വിവാദമായിരുന്നു.
അമ്മയോടൊപ്പം ഉണ്ടായിരുന്ന കുട്ടിയെ വേലുസ്വാമി വിളിച്ചുകൊണ്ടുപോകുകയായിരുന്നു.
അരമണിക്കൂറിന് ശേഷം നിലവിളിച്ചുകൊണ്ട് ഓടിവന്ന കുട്ടിയുടെ മലദ്വാരത്തില്‍ നിന്ന് രക്തം വരുന്നത് കണ്ടാണ് അമ്മ ആശുപത്രിയില്‍ കൊണ്ടുപോയത്. മുന്‍ വാര്‍ഡ് കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ സി.സി.ശ്രീധരന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടി പോലീസിലേല്‍പ്പിച്ചത്.
രാത്രി സ്റ്റേഷനിലെത്തി അമ്മ വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ പോലീസ് പിടികൂടിയെങ്കിലും വിട്ടയക്കുകയായിരുന്നു.
വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പിന്നീടാണ് ചൈല്ഡ്ലൈന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പരാതി നല്‍കിയത്.