ന്യൂ ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. കടുത്ത പനിയെയും തൊണ്ടവേദനയെയും തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് അദ്ദേഹം ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയിരിയ്ക്കുകയായിരുന്നു. ഞായറാഴ്ച്ച വൈകീട്ട് മുതല്‍ ചൊവ്വാഴ്ച വൈകുന്നേരം വരെയുള്ള എല്ലാ ഔദ്യോഗിക പരിപാടികളുമാണ് റദ്ദാക്കിയത്. ചൊവ്വാഴ്ചയാണ് കെജ്രിവാളിനെ കോവിഡ് ടെസ്റ്റിന് വിധേയനാക്കിയത്. നിലവില്‍ പനി കുറവുണ്ടെന്നും കോവിഡ് ലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. രാജ്യതലസ്ഥാനത്ത് 28,936 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 10,664 പേര് രോഗമുക്തി നേടി. 812 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്.