Tue. Sep 29th, 2020




കണ്ണൂർ ( ആലക്കോട് ) : മാധ്യമ പ്രവർത്തകൻ ശ്രീനി ആലക്കോടിനെ മര്‍ദിച്ചെന്ന പരാതിയില്‍ ആലക്കോട് സ്വദേശിക്കെതിരെ കേസെടുത്തു. സെൻ്റ് മേരീസ് നഗർ പാലത്തിന് സമീപം താമസിക്കുന്ന ജെയിംസ് വടക്കേക്കൂറ്റ് എന്നയാൾക്കെതിരെ ഐ.പി.സി. 341, 323 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തു.

പുഴ ശുചീകരണത്തിൻ്റെ മറവിൽ ആലക്കോട് പുഴയിലെ തുരുത്ത് ഇടിച്ചു നിരത്തുകയും വൻ മരങ്ങൾ മുറിച്ചു മാറ്റുകയും ചെയ്യുന്നത് ചിത്രീകരിക്കുന്നതിനിടെയാണ് ഇയാളുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ ശ്രീനിയെ തടഞ്ഞു നിർത്തി മർദ്ദിച്ചത്.

2 വർഷം മുമ്പ് പരിസ്ഥിതി ദിനത്തിൽ പുഴയിലെ കൂറ്റൻ മരം മുറിച്ചുമാറ്റിയ സംഭവത്തിൽ ഇയാൾക്കെതിരെ കേസെടുക്കുകയും കാൽ ലക്ഷത്തോളം രൂപ പഞ്ചായത്ത് പിഴ ഈടാക്കുകയും ചെയ്തിരുന്നു.

മാധ്യമ സ്വാതന്ത്യത്തെ തടസപ്പെടുത്തുന്ന വിധത്തിൽ പ്രവർത്തിച്ച ജെയിംസിനെതിരെ നടപടി ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകർ മുഖ്യമന്ത്രിക്കും ഡിജിപി ക്കും പരാതി നൽകിയിരുന്നു.

ഇതേ സമയം പുഴയിലെ തുരുത്തും മരങ്ങളും നശിപ്പിച്ച പഞ്ചായത്ത് നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കണ്ണൂർ സബ് കലക്ടർ ഇലക്യ ഐ.എ എസിൻ്റെ നേതൃത്വത്തിൽ ഉന്നതതല സംഘം പുഴയിൽ സന്ദർശനം നടത്തി.

പഞ്ചായത്തിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫിസിന് മുന്നിലും ആലക്കോട് ടൗണിലും എൽ.ഡി.എഫിൻ്റെ നേതൃത്വത്തിൽ ഇന്ന് സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള പ്രതിഷേധവും സംഘടിപ്പിച്ചിട്ടുണ്ട്.




By onemaly