August 7, 2022




ആസ്‌ത്രേലിയയില്‍ ജനം മതമുപേക്ഷിക്കുന്നു. പുതിയ കണക്കുകള്‍ അനുസരിച്ച്‌ ആസ്‌ത്രേലിയയിലെ 40 % ജനങ്ങള്‍ മതമില്ലാത്തവരായാണ് ജീവിക്കുന്നത്. മതമുപേക്ഷിക്കുന്നവരുടെ എണ്ണം ദിനം പ്രതി അവിടെ വര്‍ദ്ധിക്കുകയാണ്

ആസ്‌ത്രേലിയ പല ദേശങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരുടെ ഭൂമിയാണ് എന്നുതന്നെ പറയാം.

ഏതാണ്ട് 50 വര്‍ഷം മുന്‍പുവരെ ആസ്‌ത്രേലിയന്‍ ജനസംഖ്യയുടെ 90% വും ക്രിസ്ത്യന്‍ മതവിഭാഗങ്ങളായിരു ന്നുവെങ്കില്‍ 2011 ല്‍ അവര്‍ 60 % വും 2016 ല്‍ അവരുടെ ജനസംഖ്യ 50 % മായി കുറഞ്ഞിരിക്കുന്നു.

ഇപ്പോള്‍ ഏറ്റവും പുതിയ 2021 ലെ സെന്‍സസ് പ്രകാരം ആസ്‌ത്രേലിയയിലെ ക്രിസ്തുമത വിശ്വസിക്കല്‍ കേവലം 43.9 % ആയി കുറഞ്ഞിരിക്കുകയാണ്. ഇവരില്‍ കത്തോലിക്കര്‍ 20 % വും ആംഗ്ലിക്കന്‍ സഭ അനുയായികള്‍ 9.8 % വും വരും. ബാക്കി മറ്റു ക്രിസ്ത്യന്‍ വിഭാഗങ്ങളാണ്.

എന്താണ് ഇതിനുള്ള കരണമെന്നല്ലേ ? മറ്റു മതങ്ങളുടെ അതിപ്രസരമോ മതം മാറ്റമോ അല്ല മറിച്ച്‌ മതമുപേക്ഷിച്ച്‌ ഒരു മതത്തിലും വിശ്വസിക്കാതെ ജീവിക്കുന്നവരുടെ ശതമാനം മറ്റുള്ള രാജ്യങ്ങളിലേതുപോലെ അവിടെ ഗണ്യമായി വര്‍ദ്ധിക്കുകയാണ്.

2011 ല്‍ ആസ്‌ത്രേലിയയില്‍ മതമില്ലാത്തവര്‍ 22 % ആയിരുന്നത് 2016 ല്‍ 30 % ആയി ഉയരുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ 5 വര്ഷം കൊണ്ട് മതമുപേക്ഷിച്ചവരുടെ എണ്ണം 40 % ശതമാനമായി ഉയര്‍ന്നത് വളരെ ശ്രദ്ധേയമാണ്.

ഇവിടെ മറ്റൊരു വസ്തുതകൂടി നമ്മള്‍ അറിയേണ്ടതാണ്. ഹിന്ദു – മുസ്‌ലീം വിഭാഗങ്ങളുടെ ജനസംഖ്യ അവിടെ നല്ലനിലയില്‍ ഉയര്‍ന്നിരിക്കുന്നു എന്നതാണ്. ആസ്‌ത്രേലിയയിലെ ആകെ ജനസംഖ്യയുടെ 2.7% ഹിന്ദുക്കളും 3.2 % മുസ്‌ലിം വിഭാഗങ്ങളുമാണ്.

അടുത്ത 50 വര്‍ഷത്തിനുള്ളില്‍ മതമുപേക്ഷിക്കുന്നവരും യുക്തിവാദികളും ചേര്‍ന്ന് ലോക ജനസംഖ്യയുടെ ഭൂരിപക്ഷം അതായത് 50 % ത്തിലധികമാകുമെന്നാണ് അനുമാനം.