August 7, 2022




ശരീരത്തിലെ പേശികള്‍ അടികൊണ്ട് ചതഞ്ഞ് വെള്ളംപോലെയായി, 5000 തവണയെങ്കിലും അടിയേറ്റു; പ്രവാസിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

 

കാസര്‍കോട്; കാസര്‍കോട് സ്വദേശിയായ പ്രവാസി ക്വട്ടേഷന്‍ സംഘത്തിന്റെ തടങ്കലില്‍ കൊല്ലപ്പെട്ടത് ക്രൂരമര്‍ദനമേറ്റെന്ന് കണ്ടെത്തല്‍.

കൊല്ലപ്പെട്ട സീതാംഗോളി മുഗുറോഡിലെ അബൂബക്കര്‍ സിദ്ദീഖിന്റെ ശരീരത്തിലെ പേശികള്‍ അടികൊണ്ട് ചതഞ്ഞ് വെള്ളംപോലെയായിരുന്നതായി മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട്. കുറഞ്ഞത് 5000 തവണയെങ്കിലും അടിയേറ്റാല്‍ മാത്രമേ ശരീരം ഇത്തരത്തിലാവുകയുള്ളൂവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

കാല്‍വെള്ളയിലും പിന്‍ഭാഗത്തുമായിരുന്നു അടികളെല്ലാം. അതിനിടയില്‍ തലയിലേറ്റ കനത്ത ആഘാതമാണ് സിദ്ദീഖിന്റെ മരണത്തിനിടയാക്കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. സിദ്ദീഖിന്റെ സഹോദരന്‍ അന്‍വറും സുഹൃത്ത് അന്‍സാരിയും ക്രൂരപീഡനത്തിന് ഇരയായി. തലകീഴായി മരത്തില്‍ കെട്ടിയിട്ട് തന്നെ മര്‍ദിക്കുകയായിരുന്നെന്ന് കുമ്ബള സഹകരണ ആശുപത്രിയില്‍ കഴിയുന്ന മുഗു സ്വദേശി അന്‍സാരി പറഞ്ഞു. വെള്ളിയാഴ്ചയാണ് അന്‍വറിനൊപ്പം അന്‍സാരി ക്വട്ടേഷന്‍ സംഘത്തിന്റെ തടങ്കലിലായത്. പൈവളിഗെയിലെ വീടിന്റെ ഒന്നാം നിലയില്‍വെച്ചും ബോളംകളയിലെ കാട്ടില്‍വെച്ചും തന്നെ സംഘം മര്‍ദിച്ചതായും അന്‍സാരി പറഞ്ഞു.