August 7, 2022




തമിഴ്നാട്ടില്‍ 600 മൊബൈല്‍ ടവറുകള്‍ മോഷ്ടിച്ച്‌ കടത്തി

 

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മണി ഹീസ്റ്റ് വെബ് സീരീസിലെ വിദ​ഗ്ധമായ മോഷണത്തിന് സമാനമായി തമിഴ്നാട്ടില്‍ ഒരപൂര്‍വ കവര്‍ച്ച.

കൊവിഡിന്റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗണ്‍ കാലത്ത് തമിഴ്നാട്ടില്‍ നിന്ന് അപ്രത്യക്ഷമായത് അറുന്നൂറില്‍ അധികം മൊബൈല്‍ ടവറുകളാണ്. മൊബൈല്‍ഫോണ്‍ കമ്ബനികളുടെ ആവശ്യപ്രകാരം ടവറുകള്‍ നിര്‍മ്മിക്കുന്ന ജി.ടി.എല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്ബനിയാണ് ടവറുകള്‍ കൂട്ടത്തോടെ മോഷണം പോയെന്ന ഞെട്ടിക്കുന്ന വിവരം തമിഴ്നാട് പൊലീസിനെ അറിയിച്ചത്.

കവര്‍ച്ചാസംഘം മൊബൈല്‍ ടവറുകള്‍ അഴിച്ചെടുത്ത് കടത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നി​ഗമനം. ജി.ടി.എല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് മുംബൈയില്‍ കോര്‍പ്പറേറ്റ് ഓഫീസും ചെന്നൈയില്‍ ഒരു പ്രാദേശിക ഓഫീസും ഉണ്ട്. ജി.ടി.എല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി 26,000 മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചിരുന്നു. ഇതിന്റെ ഭാ​ഗമായാണ് തമിഴ്നാട്ടിലും 6,000 ടവറുകള്‍ സ്ഥാപിച്ചത്.

കൊവിഡ് വന്നതോടെ ടവറുകളിലെ നിരീക്ഷണം താല്‍ക്കാലികമായി മുടങ്ങിയിരുന്നു. ഈ സമയത്താണ് ഇത്രയും വലിയ കവര്‍ച്ച തമിഴ്നാട്ടില്‍ അരങ്ങേറിയത്. ഭീമമായ നഷ്ടം വന്നതോടെ ഈ കമ്ബനി 2018ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് മൊബൈല്‍ ടവറുകളുടെ പരിപാലനവും അവര്‍ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു.

അടുത്തിടെ നെറ്റ് വര്‍ക്കിങ് ആവശ്യത്തിനായി പഴയ ടവര്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച്‌ പഠിക്കാന്‍ കമ്ബനിയുടെ ഉദ്യോഗസ്ഥര്‍ തമിഴ്നാട്ടിലെത്തിയപ്പോഴാണ് ഞെട്ടിയത്. അവരുടെ പരിശോധനയിലാണ് ടവറുകള്‍ മോഷണം പോയെന്ന് സ്ഥിരീകരിച്ചത്. അപ്പോള്‍ തന്നെ പരാതി നല്‍കിയതനുസരിച്ച്‌ പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും മൊബൈല്‍ ഫോണ്‍ ടവറുകള്‍ സ്ഥാപിച്ച കമ്ബനി അറിയിച്ചു.