*എല്ലാ സീറ്റിലും യാത്ര ചെയ്യാം: കണ്ടെയ്ന്മെന്റ് സോണില്‍ പൂര്‍ണ ലോക്ക് ഡൗണ്‍ *ഗുരുവായൂരില്‍ ഉള്‍പ്പെടെ 50 പേര് പങ്കെടുക്കുന്ന വിവാഹം
തിരുവനന്തപുരം: സംസ്ഥാനത്ത് അന്തര്‍ജില്ലാ ബസ് സര്‍വീസ് ഇന്നാരംഭിക്കും. അന്തര്‍ സംസ്ഥാന സര്‍വീസുകളൊഴികെ മറ്റെല്ലാ ബസ് സര്‍വീസുകളും ആരംഭിക്കാന്‍ ഗതാഗത വകുപ്പ് സമ്മതമറിയിച്ചെങ്കിലും, തത്കാലം തൊട്ടടുത്ത രണ്ട് ജില്ലകളിലേക്കാവും സര്‍വീസ്. വരും ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി സര്‍വീസിന് ഒരുക്കം നടത്താന്‍ കെ.എസ്.ആര്.ടി.സിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എല്ലാ സീറ്റുകളിലും യാത്രക്കാര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം. അതിനാല്‍, കൂട്ടിയ ബസ് ചാര്‍ജ് പിന്‍വലിക്കും. സീറ്റിംഗ് കപ്പാസിറ്റി മുഴുവനായി ഉപയോഗിക്കാന്‍ അനുമതിയുള്ളതിനാല്‍ ടിക്കറ്റ് നിരക്കിനെപ്പറ്റി സംശയം വരുന്നില്ല. നേരത്തെ വരുത്തിയ വര്‍ദ്ധന ഇതോടെ ഇല്ലാതാവും. പഴയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. ഇന്നു മുതല്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളും സര്‍വീസ് നടത്തും. സൂപ്പര്‍ഫാസ്റ്റ്, എക്സ്പ്രസ് ബസുകളും സര്‍വീസിന് സജ്ജമാക്കും. കണ്ടെയ്ന്മെന്റ് സോണുകളില്‍ ബസ് സര്‍വീസില്ല. അത്യാവശ്യ ഘട്ടങ്ങളില്‍, ജില്ലാ കളക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം സര്‍വീസ് നടത്തും. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. ബസില്‍ സാനിറ്റൈസര്‍ ലഭ്യമാക്കണം. സംസ്ഥാനത്തെ കണ്ടെയ്ന്മെന്റ് സോണുകളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ സമാനമായ നിയന്ത്രണമേര്‍പ്പെടുത്തും. ആള്‍ക്കൂട്ട സാദ്ധ്യതയുള്ള സംഘംചേരല്‍ ഒരിടത്തും അനുവദിക്കില്ല.
കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ലോക്ക് ഡൗണ്‍ ഇളവുകളില്‍, സംസ്ഥാനത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഈ മാസം 30 വരെയുള്ള ഇളവുകളും നിയന്ത്രണങ്ങളുമാണ് പ്രഖ്യാപിച്ചത്.
50 പേരെ പങ്കെടുപ്പിച്ച് ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലും കല്യാണമണ്ഡപങ്ങളിലും മറ്റ് ഹാളുകളിലും വിവാഹച്ചടങ്ങുകളും, സ്റ്റുഡിയോ, ഇന്‍ഡോര്‍ ലൊക്കേഷനുകളില്‍ 50 പേരെ വച്ചുള്ള സിനിമാഷൂട്ടിംഗും അനുവദിക്കും. കണ്ടെയ്ന്മെന്റ് സോണില്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും കുടുംബാംഗങ്ങളുടെ മരണത്തിനും മാത്രമേ യാത്രയാകാവൂ. ഇതിന് അടുത്ത പൊലീസ് സ്റ്റേഷനില്‍ നിന്ന് പാസ് വേണം.അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ദിവസവുമെത്തി ജോലി ചെയ്ത് മടങ്ങുന്നവര്‍ക്ക് 15 ദിവസത്തെ താത്കാലിക പാസ് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നിന്ന് അനുവദിക്കും.
ഈ മാസം എട്ടിന് ശേഷമുള്ള ഇളവുകളുടെ കാര്യത്തില്‍ കേന്ദ്രം ചര്‍ച്ച നടത്തുന്നതിന് മുമ്ബ് കേരളം അഭിപ്രായമറിയിക്കും. ദേശീയാടിസ്ഥാനത്തിലെടുക്കുന്ന തീരുമാനത്തില്‍ സംസ്ഥാനത്തിന് ഇളവ് സാദ്ധ്യമല്ല. കൂടുതല്‍ കടുപ്പിക്കാം. സാംസ്കാരികപ്രസ്ഥാനങ്ങളിലും യുവജനസംഘടനകളൊഴിച്ചുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും പ്രായാധിക്യമുള്ളവരാണേറെ എന്നതിനാല്‍ സംഘം ചേരലനുവദിച്ചാല് റിവേഴ്സ് ക്വാറന്റൈന്
സാധിക്കാതെ വരും. പ്രായമായവര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്.
മറ്റ് ഇളവുകള്‍:
*വിദ്യാലയങ്ങള്‍ തുറക്കുന്നത് ജൂലായിലോ അതിന് ശേഷമോ.
* കാറില്‍ ഡ്രൈവര്‍ക്ക് പുറമേ മൂന്ന് പേര്.
* ആട്ടോറിക്ഷയില്‍ രണ്ട് പേര്.
* ചാനലുകളില്‍ ഇന്‍ഡോര്‍ ഷൂട്ടിംഗില്‍ പരമാവധി 25പേര്.
* പൊതുമരാമത്ത് ജോലിക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് 10 ദിവസത്തെ പാസ്.
” ആരാധനാലയങ്ങള്‍ തുറക്കുന്നത് പ്രതിപക്ഷത്തിന്റെയല്ല, വിശ്വാസികളുടെ ആവശ്യമല്ലേ. എട്ടിന് ശേഷം ഇക്കാര്യത്തില്‍ കേന്ദ്രം തീരുമാനം പ്രഖ്യാപിക്കും. അതിനനുസരിച്ച് ഇവിടെയെന്ത് ചെയ്യാമെന്ന് തീരുമാനിക്കും. മതമേധാവികളുമായും ചര്‍ച്ച നടത്തും”
-മുഖ്യമന്ത്രി