
പയ്യാവൂര്‍: കിഴക്കന്‍ മലയോര മേഖലയിലെ വോള്‍ട്ടേജ് ക്ഷാമ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ചെമ്ബേരി 110 കെ.വി സബ്സ്റ്റേഷന് കമ്മിഷന് ചെയ്തു. കെ.എസ്.ഇ.ബി ഡയറക്ടര്‍ ഡോ. വി. ശിവദാസന്‍ പദ്ധതി നാടിന് സമര്‍പ്പിച്ചു. 2006-ല്‍ അനുവദിക്കുകയും 2010-ല്‍ സ്ഥലമെടുപ്പ് നടത്തുകയും ചെയ്തിട്ടും ചെറിയ പ്രതിസന്ധികള്‍ കാരണം നിര്‍മാണം ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. ചില സ്ഥല ഉടമകളുമായി ഉണ്ടായ തര്‍ക്കങ്ങള്‍ സുപ്രീംകോടതിവരെ നീണ്ടെങ്കിലും അന്തിമവിജയം കെ.എസ്.ഇ.ബിക്കായിരുന്നു.
ചെമ്ബേരി, പയ്യാവൂര്‍ ഇലക്ട്രിസിറ്റി സെക്ഷനുകളിലെ അരലക്ഷത്തിലേറെ ഉപഭോക്താക്കള്‍ക്ക് ചെമ്ബേരി സബ്സ്റ്റേഷന് പ്രയോജനപ്പെടും. ചെമ്ബേരിക്കടുത്ത് പൂപ്പറമ്ബിലാണ് 2.92 ഏക്കര്‍ സ്ഥലത്ത് സബ് സ്റ്റേഷന്. ശ്രീകണ്ഠപുരത്തുനിന്ന് കോട്ടൂര്‍, ചുണ്ടക്കുന്ന്, ഏരുവേശ്ശി വഴിയാണ് ലൈന്‍ വലിച്ചത്. 9.61 കി.മീറ്റര്‍ ദൂരം ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ വലിക്കുന്നതിനായി 37 ടവറുകളാണുള്ളത്.
പുതിയ ചെമ്ബേരി 110 കെ.വി സബ്സ്റ്റേഷന്, ശ്രീകണ്ഠപുരം സബ്സ്റ്റേഷന്റെ ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയോടെ മലയോരത്തെ വൈദ്യുതി പ്രശ്നങ്ങള്‍ക്ക് പരിഹാരമാവും. മൂന്നുലക്ഷത്തോളം ഉപഭോക്താക്കള്‍ക്കാണ് രണ്ടു സബ്സ്റ്റേഷന്റെയും പ്രയോജനം ലഭിക്കുക