Tue. Sep 29th, 2020




തിരുവലനന്തപുരം : സംസ്ഥാനത്ത് മദ്യ വില്‍പ്പന പുനരാരംഭിച്ചതോടെ മദ്യലഹരിയിലുള്ള കൊലപാതകങ്ങള്‍ക്കും തുടക്കമായി. അമിത മദ്യ ലഹരിയില്‍ വിവിധ ജില്ലകളിലായാണ് ഈ സംഭവങ്ങള്‍ നടന്നിട്ടുള്ളത്. മദ്യപിച്ച്‌ എആര്‍ക്യാമ്ബിലെ പോലീസുകാര്‍ തമ്മിലും കഴിഞ്ഞ ദിവസം വഴക്കുണ്ടായി. മദ്യ വില്‍പ്പന ആരംഭിച്ച്‌ ദിവസങ്ങള്‍ക്കുള്ളിലാണ് ഇതെല്ലാം അരങ്ങേറിയിട്ടുള്ളത്.

ഇതില്‍ നാല് കൊലപാതകങ്ങള്‍ 48 മണിക്കൂറിനുള്ളിലാണ് സംഭവിച്ചിട്ടുള്ളത്. കോട്ടയം ചങ്ങനാശേരിയില്‍ അരങ്ങേറിയതാണ് അതിദാരുണ സംഭവം. മദ്യ ലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊല്ലപ്പെടുത്തി. തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മ (55)യാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മകന്‍ ജിതിന്‍ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രിയോടെയാണ് കൊലപാതകം നടന്നത്. അമിതമായി മദ്യലഹരിയിലായ മകന്‍ കറിക്കത്തി ഉപയോഗിച്ച്‌ കഴുത്തില്‍ കുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം അടുത്ത വീട്ടിലേക്ക് ഫോണ്‍ വിളിച്ച്‌ വീട്ടിലേക്ക് വരുകയാണെങ്കില്‍ ഒരു വിശേഷം കാട്ടി തരാം എന്ന് വിളിച്ച്‌ പറയുകയും ചെയ്തു എന്നാണ് പോലീസ് പറയുന്നത്. പ്രതി കുറ്റംസമ്മതിച്ചു. ഇയാള്‍ സ്ഥിരമായി മദ്യപിച്ച്‌ വീട്ടില്‍ വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നു.

മലപ്പുറം തിരൂരിലാണ് മറ്റൊരു സംഭവം. മകന്റെ മര്‍ദ്ദനത്തില്‍ പിതാവ് കൊല്ലപ്പെട്ടതാണ് രണ്ടാമത്തേത്. മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനിടെ മകന്‍ തള്ളിവീഴ്ത്തിയ പിതാവ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. തിരൂര്‍ മുത്തൂര്‍ സ്വദേശി പുളിക്കല്‍ മുഹമ്മദ് ഹാജി ആണ് മരിച്ചത്. മകന്‍ അബൂബക്കര്‍ സിദ്ദിഖിനെ പോലീസ് അറസ്റ്റ് ചെയ്തു.

മദ്യപിച്ചെത്തിയ അബൂബക്കറിനെ പിതാവ് ചോദ്യം ചെയ്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും അബൂബക്കര്‍ പിതാവിനെ മര്‍ദ്ദിക്കുകയും തള്ളി വീഴ്ത്തുകയുമായിരുന്നു. മുഹമ്മദ് ഹാജിയെ നാട്ടുകാര്‍ ഉടന്‍ തന്നെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മലപ്പുറത്ത് തന്നെയാണ് അടുത്ത കൊലപാതകവും. കഴിഞ്ഞ ദിവസം മദ്യലഹരിയില്‍ നാല് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ കുത്തേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. മലപ്പുറം താനൂരിലാണ് യുവാവ് കുത്തേറ്റ് മരിച്ചത്. തലക്കടത്തൂര്‍ സ്വദേശി ശിഹാബുദ്ധീന്‍ ആണ് മരിച്ചത്. മദ്യപാനത്തിനിടെ സുഹൃത്തുമായുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്. നാല് അംഗ സുഹൃത്തുകള്‍ ഒരുമിച്ച്‌ മദ്യപിക്കുന്നതിനിടെ, മദ്യം വീതം വേക്കുന്നതുമായി ബന്ധപ്പെട്ട വാക്ക് തര്‍ക്കമാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരാള്‍ ഒളിവിലാണ്.

മദ്യപിച്ച്‌ വാക്കേറ്റത്തിനിടെ തിരുവനന്തപുരം ബാലരാമപുരത്താണ് മൂന്നാമച്ചെ കൊല. ഓട്ടോ ഡ്രൈവറായ ശ്യാമാണ് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്ത് ശ്യാമിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. തുടരുന്നു. ശ്യാം വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ വച്ചാണ് സംഭവം നടക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ പോലീസ് അറിയിച്ചു.

അതിനിടെ മദ്യ ലഹരിയില്‍ പോലീസുകാര്‍ തമ്മിലും വഴക്കുണ്ടായി. ശനിയാഴ്ച രാത്രി പത്തനംതിട്ട എആര്‍ ക്യാമ്ബിലാണ് സംഭവം. എസ്‌ഐ മര്‍ദ്ദിച്ചെന്നാരോപിച്ച്‌ പാചകക്കാരന്‍ ചികിത്സ തേടി. എസ്പിയുടെ മെസ്സിലെ ജോലിയെ ചൊല്ലിയായിരുന്നു വഴക്ക്. കൂടാതെ മൂന്നാര്‍ ദേവികുളത്ത് മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തിനിടെ പോലീസുകാരനുള്‍പ്പെടെ നാല് പേര്‍ക്ക് കുത്തേറ്റു. കോട്ടേജിലിരുന്ന് മദ്യപിക്കുന്നതിനിടയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.




By onemaly