നിരീക്ഷണം ലംഘിച്ചുവെന്ന വ്യാജ പ്രചാരണത്തില്‍ മനംനൊന്ത് ആരോഗ്യപ്രവര്‍ത്തക ആത്‌മഹത്യക്ക് ശ്രമിച്ചു. – Sreekandapuram Online News-
Tue. Sep 22nd, 2020
കണ്ണൂര്‍: കണ്ണൂരില്‍ ആരോഗ്യപ്രവര്‍ത്തക ആത്‌മഹത്യക്ക് ശ്രമിച്ചു. നിരീക്ഷണം ലംഘിച്ചുവെന്ന വ്യാജ പ്രചാരണത്തില്‍ മനംനൊന്താണ് ആരോഗ്യപ്രവര്‍ത്തക ആത്മഹത്യ ശ്രമിച്ചത്. ന്യൂമാഹി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പരിയാരം മെഡിക്കല്‍ കോളേജിലാണ് ആരോഗ്യപ്രവര്‍ത്തക ചികിത്സയില്‍ കഴിയുന്നത്.
ശുചിത്വം പാലിക്കാതെയും അശ്രദ്ധമായും താന്‍ ജോലി ചെയ്തെന്നാണ് ചിലര്‍ കുപ്രചരണം നടത്തുന്നതെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നും ആരോഗ്യപ്രവര്‍ത്തകയുടെ കുറിപ്പിലുണ്ട്. ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന തന്നോട് ചിലര്‍ എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന് അറിയില്ല. കഴിഞ്ഞ മൂന്നു മാസത്തിലധികമായി ഒരു അവധി പോലും എടുക്കാതെ രോ​ഗികളെ പരിചരിക്കുകയാണ്. തനിക്കെതിരെ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. താന്‍ വീടുകളില്‍ പോയി രോ​ഗികളെ പരിചരിക്കാറുണ്ട്. അവിടെനിന്നൊന്നും ഇന്നു വരെ ഒരു പരാതിയും പ്രാഥമികാരോ​ഗ്യ കേന്ദ്രത്തില്‍ ലഭിച്ചിട്ടില്ല. തന്നെപ്പോലുള്ള കമ്മ്യൂണിറ്റി നഴ്സുമാരുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും കുറിപ്പില്‍ പറയുന്നു.
രക്തസമ്മര്‍ദ്ദത്തിനുള്ള ഇരുപത് ​ഗുളിക ഒരുമിച്ച്‌ കഴിച്ചാണ് ആരോഗ്യപ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരുടേതെന്ന പേരിലുള്ള ആത്മഹത്യാക്കുറിപ്പ് വാട്സാപ് വഴിയാണ് പ്രചരിക്കുന്നത്. മരണത്തിന് ഉത്തരവാദികള്‍ സഹപ്രവര്‍ത്തകന്‍ ഉള്‍പ്പടെ നാല് പേരാണെന്ന് ആ കുറിപ്പില്‍ പറയുന്നുണ്ട്.
By onemaly