August 7, 2022
ണ്ണൂർ : കേരളത്തിലെ ആകാശവാണി ശ്രോതാക്കളുടെ കലാ-സാംസ്കാരിക സംഘടനയെന്ന നിലയിൽ ചുരുങ്ങിയ കാലം കൊണ്ട്  ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച കാഞ്ചീരവം കലാവേദിയെ അടുത്ത മൂന്നുവർഷം നയിക്കുന്നതിനുള്ള പുതിയ ഭാരവാഹികൾ തെരഞ്ഞെടുക്കപ്പെട്ടു.നിയമാവലി പ്രകാരം മൂന്ന് വർഷം മാത്രം കാലാവധി നിശ്ചയിച്ചിട്ടുള്ള സ്ഥാപക ഭാരവാഹികൾക്ക് പടിയിറങ്ങാനുള്ള സമയമായപ്പോഴാണ്  കോവിഡിന്റെ പിടിയിലായത്.പിൻഗാമികളെ കണ്ടെത്താൻ വോട്ടെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും പുരോഗമിക്കവെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് എന്നതിനാൽ സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായി. കലാവേദിയുടെ കീഴ് വഴക്കപ്രകാരമുള്ള നടപടികളിൽ സാഹചര്യത്തിനനുസരിച്ചുള്ള ചില ഇളവുകളോടെ ഇലക്ഷൻ നടപടികൾ ഓൺലൈൻ വഴി തുടരാമെന്ന് തീരുമാനിച്ചാണ് പിന്നീടുള്ള പ്രവർത്തനങ്ങൾ മുന്നോട്ടുപോയത്.ആകാശവാണി സീനിയർ അനൗൺസറും പ്രക്ഷേപകനുമായ കാഞ്ചിയോട് ജയനെ വരണാധികാരിയായി നിയമിച്ച് വോട്ടെടുപ്പിന്റെ പൂർണ്ണ നിയന്ത്രണമേൽപ്പിച്ചതോടെ ബാലറ്റിന്റെ മാതൃകയുണ്ടാക്കിയും നോമിനേഷൻ ഫോർമാറ്റ് തയ്യാറാക്കിക്കൊണ്ടും സ്ഥാനാർത്ഥിയാവാനുള്ള താത്പര്യം ക്ഷണിക്കുന്നതുൾപ്പെടെ സംസ്ഥാന ഭാരവാഹികളുടെ വിധി പ്രഖ്യാപനം വരെ സൂക്ഷ്മമായി നിർവ്വഹിക്കുന്നതിൽ ഇദ്ദേഹം തന്നെ ശ്രദ്ധ നൽകുകയായിരുന്നു.മാർച്ച് ആദ്യവാരത്തിൽ തന്നെ ആരംഭിച്ച തെരഞ്ഞെടുപ്പ് നടപടികളിലൂടെ ആദ്യം വിവിധ ജില്ലകളിൽ നിന്ന് സംസ്ഥാന നിർവ്വാഹക അംഗങ്ങളെ ഓൺലൈനിലൂടെ വോട്ട് ചെയ്ത് അംഗങ്ങൾ കണ്ടെത്തി.കണ്ണൂർ,ആലപ്പുഴ,കൊല്ലം,തിരുവനന്തപുരം എന്നിവയൊഴിച്ച് ബാക്കി ജില്ലകളിൽ നിന്ന് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുകയായിരുന്നു.ഇവർ ചേർന്ന് പ്രത്യേകം വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് തുടർന്നുള്ള നടപടികൾ പൂർത്തീകരിച്ചാണ് രണ്ടാം ഘട്ടത്തിൽ സെക്രട്ടറി,ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കുള്ള വോട്ടിങ്ങും ഫലപ്രഖ്യാപനവും പൂർത്തീകരിച്ചത്.മൂന്നാം ഘട്ടത്തിൽ പ്രസിഡണ്ട്,വൈസ് പ്രസിഡണ്ട് സ്ഥാനങ്ങളിലേക്കുള്ള വോട്ടിങ്ങ് നടത്തി ഫലപ്രഖ്യാപനം നടത്തിക്കഴിഞ്ഞതോടെ കേരളത്തിലെ ആകാശവാണി ശ്രോതാക്കളുടെ കലാ സാംസ്കാരിക സംഘടനയുടെ സാരഥികൾ ആരൊക്കെയെന്ന് വ്യക്തമാവുകയായിരുന്നു.
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ സ്വദേശിയായ വിനീത് കുമാർ കണ്ണൂരിലെ കലാ സാംസ്കാരിക പൊതുമണ്ഡലങ്ങളിൽ ഏതാനും വർഷങ്ങളായി സജീവമാണ്.ജില്ലയിലെ മികച്ച യുവജന സംഘാടകനായ ഇദ്ദേഹം മുൻകൈയ്യെടുത്ത് കണ്ണൂർ കേന്ദ്രീകരിച്ചുകൊണ്ട് മുടക്കംകൂടാതെ റേഡിയോ  ശ്രോതാക്കളുടെ പ്രതിമാസ സംഗമങ്ങൾ നടത്തിവരുന്നുണ്ട്.പൂജപ്പുരയിൽ ഇക്കഴിഞ്ഞ ജനുവരിയിൽ നടന്ന കാഞ്ചീരവം വാർഷികാഘോഷത്തിൽ ഏറ്റവും കൂടുതൽ മെമ്പർമാരെ പങ്കെടുപ്പിച്ച ജില്ലാ ഘടകത്തിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചാണ് സംസ്ഥാന കമ്മിറ്റി അംഗമായും തുടർന്ന് സംസ്ഥാന സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെടുന്നത് എന്ന പ്രത്യേകതയുണ്ട്.യുവ കവിയും എഴുത്തുകാരനുമായ ഇദ്ദേഹം 2018 മുതൽ ശ്രോതാക്കളുടെ പ്രസിദ്ധീകരണമായ കാഞ്ചീരവം മാസികയുടെ പത്രാധിപ സമിതി അംഗവുമാണ്.തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ രവിയാണ് സംസ്ഥാന പ്രസിഡണ്ട്.നിലവിൽ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്ന കാട്ടാക്കട രവി ജില്ലയിലെ മികച്ച സംഘാടകരിലൊരാളാണ്.മാസികയുടെ പത്രാധിപരെന്ന നിലയിൽ കൂടി കാഞ്ചീരവം കുടുംബാംഗങ്ങൾ നൽകിയ വിശ്വാസമാണ് തന്റെ വിജയത്തിന്റെ അടിത്തറയെന്ന് ഇദ്ദേഹം പറയുന്നു.
മറ്റ് ഭാരവാഹികൾ: ഏ.എൻ ഷാജി വേങ്ങൂർ,കെ.പി ശിവകുമാർ (ജോയിന്റ് സെക്രട്ടറിമാർ),ഓമന തിരുവിഴ,വത്സല നിലമ്പൂർ (വൈസ് പ്രസിഡണ്ടുമാർ),സുരേഷ് ചന്ദ്രകുമാർ (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ശ്രോതാക്കളുടെ റേഡിയോ അനുഭവങ്ങൾ കോർത്തിണക്കി ഒരു സമാഹാരമിറക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഇവർ.