കണ്ണൂരില്‍ സ്ഥിതി സങ്കീര്‍ണം; ജില്ലയില്‍ രോഗികളുടെ എണ്ണം നൂറിനടുത്ത് – Sreekandapuram Online News-
Thu. Sep 24th, 2020




കണ്ണൂര്‍: സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കണ്ണൂരില്‍ അതീവ ജാഗ്രത. ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും. സമ്ബര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം കൂടിയതിനാല്‍ ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചേക്കും.
തീവ്രബാധിത പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ അടക്കമുള്ള കടുത്ത നടപടികളിലേക്ക് പോകേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു
പുതുതായി ഏഴുപേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിതീകരിച്ചതോടെ കണ്ണൂരിലെ രോഗികളുടെ എണ്ണം 99 ആയി. സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം രോഗികളുള്ള രണ്ടാമത്തെ ജില്ലയാണ് കണ്ണൂര്‍. 117 രോഗികളുള്ള പാലക്കാട് മാത്രമാണ് ഇപ്പോള്‍ മുന്നിലുള്ളത്. രോഗവ്യാപ്തി കൂടിയ സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നതോടെയാണ് രോഗവ്യാപ്തിയേറുന്നത്. ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ച ഏഴു പേരില്‍ ആറു പേര്‍ വിദേശത്തു നിന്നും ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ 19ന് കുവൈത്തില്‍ നിന്നുള്ള ഐ.എക്സ് 790 വിമാനത്തിലെത്തിയ മൊറാഴ സ്വദേശിനിയായ 32കാരി, 20ന് റിയാദില്‍ നിന്നുള്ള എ.ഐ 1912 വിമാനത്തിലെത്തിയ കതിരൂര്‍ സ്വദേശിയായ 55കാരന്‍, ദുബൈയില്‍ നിന്നുള്ള ഐ.എക്സ് 1746 വിമാനത്തില്‍ 26നെത്തിയ കരിവെള്ളൂര്‍ സ്വദേശിയായ 30കാരന്‍, 27നെത്തിയ പന്ന്യന്നൂര്‍ സ്വദേശിനിയായ 27കാരി, കൊച്ചി വിമാനത്താവളം വഴി മെയ് 15ന് എ.ഐ 964 വിമാനത്തിലെത്തിയ ശ്രീകണ്ഠാപുരം സ്വദേശിനിയായ 29കാരി, 17ന് ദുബൈയില്‍ നിന്നുള്ള ഐ.എക്സ് 434 വിമാനത്തിലെത്തിയ ചിറ്റാരിപ്പറമ്ബ് സ്വദേശി 44കാരന്‍ എന്നിവരാണ് വിദേശത്തു നിന്നും വന്നവര്‍. മെയ് 16നാണ് മട്ടന്നൂര്‍ സ്വദേശിയായ 35കാരന്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയത്.
നിലവില്‍ 12,026 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി, അ‌ഞ്ചരക്കണ്ടിയിലെ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍, തലശ്ശേരി ജനറല്‍ ആശുപത്രി, കണ്ണൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലും വീടുകളിലുമായാണ് ഇവര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതിനിടെ 364 സാമ്ബിളുകളുടെ ഫലം ലഭിക്കാനുള്ളത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അതിനിടെ ഒരു കുടുംബത്തിലെ 13 പേരുടെ പരിശോധന ഫലം പോസിറ്റാവായത് ആശങ്ക വര്‍ദ്ധിക്കാന്‍ ഇടയാവുകയും ചെയ്തു.




By onemaly