ഇരിട്ടി: ഇരിട്ടിയിൽ താലൂക്ക് ആസ്ഥാനത്ത് ഇരിട്ടി മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് ഇരുപത് കോടി രൂപ അനുവദിച്ചു. മിനി സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമാക്കുന്നതിന് നിരന്തരമായി നടത്തിയ ശ്രമങ്ങൾക്ക് ഫലം കണ്ടു. നിരവധി തവണ വിശദമായ എസ്റ്റിമേറ്റ് സഹിതം രേഖകൾ സർക്കാറിന് സമർപ്പിച്ചിരുന്നു. ഇക്കാര്യം നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു. റവന്യൂ, ധനകാര്യ വകുപ്പ് തുടങ്ങിയ വിവിധ മന്ത്രിമാർ പങ്കെടുത്ത നിയോജക മണ്ഡലത്തിലെ പരിപാടികളിൽ വെച്ച് മിനി സിവിൽ സ്റ്റേഷന്റെ ആവശ്യകത ബോധ്യപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയേയും ഈ ആവശ്യകത ബോധ്യപ്പെടുത്തുവാൻ സാധിച്ചിരുന്നു. ഇരിട്ടി താലൂക്ക് രൂപികരിച്ചതിനു ശേഷം താലൂക്ക് ഓഫീസ്, സപ്ലൈ ഓഫീസ്, ആർടി ഓഫീസ്, ലാന്റ് ട്രൈബ്യൂണൽ ഓഫീസ്, അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ്, തുടങ്ങിയ സ്ഥാപനങ്ങൾ ഒരു കുട കീഴിൽ വരണമെന്ന ആവശ്യകത ശക്തമായിരുന്നു. മിനി സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നത് ഇരിട്ടി താലൂക്ക് പരിധിയിലെ ജനങ്ങൾക്ക് ഏറെ ആശ്വാസകരമാവുന്ന തീരുമാനമാണ്.
മിനി സിവിൽ സ്റ്റേഷന് തുക അനുവദിച്ചതിനോടൊപ്പം ഇരിട്ടി താലൂക്കിൽപ്പെട്ട കൊട്ടിയൂർ, വിളമന, കണിച്ചാർ വില്ലേജ് ഓഫീസ് കെട്ടിട നവീകരണത്തിന് നാൽപ്പത്തിനാല് ലക്ഷം രുപ വീതം അനുവദിച്ചു.