കൊവിഡ് 2000വരെ ഫീസ് ഉയര്‍ത്തി സ്വകാര്യ സ്കൂളുകള്‍-രക്ഷിതാക്കളെയും പിഴിയുന്ന സ്വഭാവം സ്വകാര്യ സ്കൂളുകള്‍ സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി – Sreekandapuram Online News-
Tue. Sep 22nd, 2020
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനിരിക്കെ ഒരു വിഭാഗം സ്വകാര്യ, അണ്‍ എയ്ഡഡ് സ്കൂളുകള്‍ ഫീസ് കുത്തനെ ഉയര്‍ത്തി. 2000 രൂപ വരെയാണ് ചില സ്ഥാപനങ്ങള്‍ വര്‍ദ്ധിപ്പിച്ചത്. ഓണ്‍ലൈന്‍ സൗകര്യം ഒരുക്കാന്‍ വേണ്ടിയാണെന്ന് മാനേജ്മെന്റുകള്‍ പറയുന്നു. പി.ടി.എ യോഗം വിളിച്ച്‌ ബോധ്യപ്പെടുത്താന്‍ ചില മാനേജ്മന്റുകള്‍ ശ്രമിക്കുന്നുണ്ട്. സ്കൂള്‍ തുറന്നുള്ള പഠനം എന്നുതുടങ്ങുമെന്ന് നിശ്ചയമില്ലെങ്കിലും ഉടന്‍ ഫീസ് അടയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ലോക്ക് ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെടുകയും വരുമാനം കുറയുകയും ചെയ്ത രക്ഷിതാക്കള്‍ ഇതോടെ വെട്ടിലായി.കുട്ടികള്‍ക്ക് വീട്ടില്‍ ഓണ്‍ലൈന്‍ സൗകര്യം ഒരുക്കാന്‍തന്നെ നല്ലൊരു തുക വേണം. ഇതിനു പുറമേയാണ് സ്കൂളുകളില്‍ ഒരുക്കുന്ന സംവിധാനത്തിന്റെ പേരില്‍ വന്‍തുക ഈടാക്കുന്നത്. സ്കൂളുകളുടെ നിലപാടില്‍ കടുത്ത അമര്‍ഷം ഉണ്ടെങ്കിലും എതിര്‍ക്കാന്‍ കഴിയാത്ത നിസഹായാവസ്ഥയിലാണ് രക്ഷിതാക്കള്‍.

പഠന പദ്ധതി

# ജൂണ്‍ ഒന്നിന് ഓണ്‍ലൈന്‍ ക്ളാസുകള്‍ക്ക് തുടക്കം

# വിക്ടേഴ്സ് ചാനല്‍ വഴി വിദഗ്ദ്ധരുടെ ക്ലാസുകള്‍

# സംശയ നിവാരണം ഓരോ വിഷയത്തിലും ഓണ്‍ലൈന്‍ വഴി അതതു സ്കൂളുകളിലെ അദ്ധ്യാപകര്‍

പഠന സൗകര്യം

# പൊതുവിദ്യാലയങ്ങളിലെ 2.61 ലക്ഷം കുട്ടികള്‍ ടി.വി ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തവര്‍. ഇവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സൗകര്യം ഒരുക്കാന്‍ നീക്കം

# മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാക്കള്‍ മൊബൈല്‍, ഇന്റര്‍നെറ്റ് അടക്കമുള്ള സംവിധാനം ഏര്‍പ്പെടുത്തണം.

# സ്വകാര്യ വിദ്യാലയങ്ങള്‍ ലാപ്ടോപ്പോ, വെബ് കാം സൗകര്യമോ ഒരുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കി.

സ്കൂളുകള്‍ ഫീസ് കൂട്ടരുത്: മുഖ്യമന്ത്രി

കൊവിഡ്-19 മൂലമുണ്ടായിട്ടുള്ള പ്രതിസന്ധിയുടെ കാലത്ത് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും പിഴിയുന്ന സ്വഭാവം സ്വകാര്യ സ്കൂളുകള്‍ സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരു സ്കൂളും ഈ ഘട്ടത്തില്‍ ഫീസ് കൂട്ടരുത്. ജനങ്ങളുടെ ഭാരം ലഘൂകരിക്കുകയാവണം ഇപ്പോഴത്തെ ലക്ഷ്യം. അതിന് വിരുദ്ധമായ സമീപനം ആരുടെ ഭാഗത്ത് നിന്നുമുണ്ടാവരുത്.

വര്‍ദ്ധിപ്പിച്ച ഫീസടച്ചതിന്റെ രസീതുമായെത്തിയാലേ അടുത്ത വര്‍ഷത്തെ പുസ്തകങ്ങള്‍ തരൂ എന്ന് ചില സ്കൂളുകളില്‍ നിന്ന് പറഞ്ഞതായി പരാതികളുണ്ട്. പുതിയ സാഹചര്യത്തിനനുസൃതമായി പഠനരീതി ക്രമീകരിക്കുകയും വേണ്ട മാറ്റങ്ങള്‍ വരുത്തുകയുമാണ് വിദ്യാഭ്യാസമേഖലയില്‍ അടിയന്തരപ്രാധാന്യത്തോടെ നടത്തേണ്ടത്. അത് സ്വകാര്യസ്കൂളുകള്‍ക്കും ബാധകമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സ്‌കൂളുകള്‍ക്ക് ഫീസ് നിയന്ത്രണ സംവിധാനം വേണം:
ബാലാവകാശ കമ്മിഷന്‍

സംസ്ഥാനത്തെ സ്വകാര്യ, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ ഫീസ് ഘടന നിശ്ചയിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ചെയര്‍മാന്‍ പി. സുരേഷ്, അംഗങ്ങളായ ഫാ. ഫിലിപ്പ് പരക്കാട്ട്, കെ. നസീര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഫുള്‍ ബെഞ്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. നിയമനിര്‍മാണം നടപ്പാകുന്നതുവരെ ഫീസ് ഘടന നിശ്ചയിക്കുന്നതിന് മോണിറ്ററിംഗ് സമിതി രൂപീകരിക്കണം. കേരള സ്വാശ്രയ പ്രൊഫഷണല്‍ കോളേജ് ആക്‌ട് 2004 ന്റെ മാതൃകയിലുള്ള സംവിധാനമാണ് നടപ്പാക്കേണ്ടത്. ഇതിനുള്ള നടപടികള്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ചെയ്യേണ്ടതാണ്.
By onemaly