
കൊച്ചി: ടൊവിനോ തോമസ് ചിത്രമായ ‘മിന്നല്‍ മുരളി’യുടെ സെറ്റ് സംഘം ചേര്‍ന്ന് തകര്‍ത്ത സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. കേസിലെ പ്രതിയും രാഷ്ട്രീയ ബജ്റംഗ്ദള്‍ ജില്ലാ പ്രസിഡന്റുമായ രതീഷ് മലയാറ്റൂരിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അങ്കമാലിയില്‍ നിന്നുമാണ് രതീഷിനെ പിടികൂടിയത്. സംഭവത്തില്‍ കുറ്റവാളികളായ മറ്റ് നാല് പേര്‍ക്കായുള്ള അന്വേഷണം പൊലീസ് തുടരുകയാണ്.
കേസ് പ്രത്യേക സംഘമാകും അന്വേഷിക്കുകയെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ആലുവ റൂറല്‍ എസ്.പി അറിയിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ശിവരാത്രി ആഘോഷസമിതിയും സിനിമാ സംഘടനകളും പൊലീസില്‍ പരാതിപ്പെട്ടിരുന്നു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഇന്ന് രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിരുന്നു.
കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നില്‍ ഷൂട്ടിംഗിനായി നിര്‍മിച്ച സെറ്റായിരുന്നു രാഷ്ട്രീയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചത്. ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ചാണ് ഇവര്‍ സെറ്റ് തകര്‍ത്തത്. സെറ്റ് ക്ഷേത്രത്തിനു മുന്നില്‍ ആണെന്നാണ് ഇവരുടെ ആരോപണം. ഗോദ എന്ന ചിത്രത്തിന് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ്.