Mon. Sep 28th, 2020

കണ്ണൂര്‍: ലോക്ഡൗണിനെ തുടര്‍ന്ന് സര്‍വിസ് നിര്‍ത്തിവെച്ച കെ.എസ്.ആര്‍.ടി.സി ജില്ലയില്‍ ഭാഗികമായി പുനരാരംഭിച്ചു. സര്‍ക്കാര്‍ തീരുമാനത്തിന്‍െറ ഭാഗമായി ബുധനാഴ്ചയാണ് സര്‍വിസ് പുനരാരംഭിച്ചത്. ജില്ലയില്‍ 42 ബസുകളാണ് മൂന്നു ഡിപ്പോകളില്‍ നിന്നായി ബുധനാഴ്ച സര്‍വിസ് നടത്തിയത്. കണ്ണൂര്‍ ഡിപ്പോയിലെ 11ഉം തലശ്ശേരിയില്‍ നിന്ന് 10ഉം പയ്യന്നൂര്‍ ഡിപ്പോയില്‍നിന്ന് 21ഉം സര്‍വിസുകളാണ് ബുധനാഴ്ച നടത്തിയത്. കണ്ണൂരില്‍ നിന്ന് ഇരിട്ടി, തലശ്ശേരി, പയ്യന്നൂര്‍, കുടിയാന്മല ഭാഗങ്ങളിലേക്കും തലശ്ശേരിയില്‍ നിന്ന് ഇരിട്ടി, കണ്ണൂര്‍, പാനൂര്‍, കൊട്ടിയൂര്‍ ഭാഗങ്ങളിലേക്കുമാണ് സര്‍വിസ് നടത്തിയത്. കണ്ണൂര്‍, ചെറുപുഴ റൂട്ടുകളിലാണ് പയ്യന്നൂര്‍ ഡിപ്പോകളില്‍ നിന്നുള്ള ബസുകള്‍ സര്‍വിസ് നടത്തിയത്.കണ്ണൂര്‍-ഇരിട്ടി റൂട്ടില്‍ ഒരു സ്വകാര്യ ബസും ബുധനാഴ്ച സര്‍വിസ് നടത്തി. പൊതുവേ ബസുകളില്‍ യാത്രക്കാര്‍ കുറവായിരുന്നു. പുതുക്കിയ ചാര്‍ജാണ് യാത്രക്കാരില്‍ നിന്ന് ഈടാക്കിയത്. വ്യാഴാഴ്ച കണ്ണൂര്‍ ഡിപ്പോയില്‍നിന്ന് 30 സര്‍വിസുകള്‍ നടത്തുമെന്ന് ഡിപ്പോ അധികൃതര്‍ വ്യക്തമാക്കി.